Sorry, you need to enable JavaScript to visit this website.

നിഖാബ് നിരോധനം എംഇഎസ് പിന്‍വലിക്കണമെന്ന് പാണക്കാട് തങ്ങള്‍ കുടുംബം

മലപ്പുറം- എംഇഎസ് മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ നിഖാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ എംഇഎസ് തയാറാകണമെന്ന് പാണക്കാട് തങ്ങള്‍മാരുടെ കുടുംബ സംഘടനായ ശിഹാബുദ്ദീന്‍ ഫാമിലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പൗരന്മാര്‍ക്ക് ഏതു വസ്ത്രവും ധരിക്കാനുള്ള അവകാശം നിലവിലിരിക്കെ വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തടയുന്നതാണ് എംഇഎസിന്റെ സര്‍ക്കുലര്‍. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ഭാഗം കൂടിയാണ്. മതവിസ്വാസത്തിന്റെ ഭാഗമായ വേഷം സ്വീകരിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെ തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. 

ഇന്ത്യയില്‍ ഭരണഘടനാനുസൃതമായ സ്വാതന്ത്യം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നുണ്ടെന്നിരിക്കെ അതിനെ വിലക്കുന്ന സമീപനം ഉണ്ടാവാന്‍ പാടില്ല. പൗരവകാശങ്ങളെ ചോദ്യം ചെയ്തു ഫാസിസ്റ്റുകള്‍ ഒരുഭാഗത്ത് രാജ്യത്ത് ഭീതി പരത്തുമ്പോള്‍ സമുദായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറിയപ്പെടുന്നവര്‍ ഇത്തരം നടപടി കൈക്കൊള്ളുന്നത് പ്രത്യഘാതങ്ങള്‍ക്കിടയാക്കുമെന്നും ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളെ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തങ്ങളുടെ മാനേജ്‌മെന്റിനു കീഴിലുള്ള കോളെജുകള്‍ക്ക് എംഇഎസ് കേന്ദ്ര കമ്മിറ്റി അയച്ച സര്‍ക്കുലര്‍ വലിയ വിവാദമായിരുന്നു. അതേസമയം ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കുന്നത്.
 

Latest News