കോട്ടയം- റമദാൻ നോമ്പു ദിനങ്ങൾ ഈരാറ്റുപേട്ടയിൽ രുചിയേറുന്ന വിഭവങ്ങളുടെ ദിനങ്ങളും കൂടിയാണ്. കടൽകടന്ന് എത്തുന്ന ഈത്തപ്പഴവും പത്തിരിയും തരിക്കഞ്ഞിയും ലഭ്യമാകുന്ന ആഹാര ശാലകൾ തുറക്കുന്ന നാളുകൾ. നോമ്പുതുറ വിഭവങ്ങളിൽ പ്രഥമ സ്ഥാനത്താണ് ഈത്തപ്പഴവും കാരയ്ക്കയും. വിവിധ രാജ്യങ്ങളിലെ വിത്യസ്ത ഇനങ്ങളുമായി റമദാനിലെ ഈത്തപ്പഴ കച്ചവടം സജീവമാണ്. ഇതിൽ സൗദി ഈത്തപ്പഴമാണ് പ്രിയത്തിൽ മുന്നിൽ. 100 രൂപ മുതൽ 3000 രൂപ വരെ വിലയുള്ള ഈത്തപ്പഴം വിപണിയിൽ ഉണ്ട്. ഇറാനിൽ നിന്നുള്ളവയാണ് വില കുറഞ്ഞ ഈത്തപ്പഴങ്ങൾ. സൗദിയിൽ നിന്നും എത്തിയ അജ്‌വയും, ജോർദാൻ പഴവും ആണ് വില കൂടിയ ഇനങ്ങൾ. വലുതും നാര് കൂടിയതുമായ ബിഗ് മറിയമിനും, മസ്‌ദോളിനും ആയിരം രുപയോളം വിലയുണ്ട്. ഇവ രണ്ടും ഉണക്ക രൂപത്തിലുള്ളതാണ്. ടുണിഷ്യയിൽ നിന്നുള്ള ബറാറി, ഫിറ്റ് ലോട്ടസ്, അൾജീരിയൻ എന്നിവയും വിപണിയിൽ ലഭ്യമാണ്. ഒമാനിൽ നിന്നുള്ള ഫർദ്, ഇറാനിയൻ ഇനങ്ങളായ സുൽത്താന, മർയം, സഫാഖി തുടങ്ങിയവയാണ്. എന്നാൽ വിലക്കുറവാൽ വിപണി കിഴടക്കിയ ഈത്തപ്പഴങ്ങൾ, കാരയ്ക്ക ഏറ്റവും കൂടുതൽ ഇറാനിൽ നിന്നു തന്നെയാണ്.
നോമ്പുതുറ വിഭവങ്ങളിൽ ഒന്നാമനാണ് പത്തിരി. രുചിയേറും പത്തിരിയും ഇറച്ചിക്കറിയുമായാൽ നോമ്പുതുറക്കലിന് കൂടുതൽ ഉൽസാഹം. അരിപ്പൊടിയിൽ ഉണ്ടാക്കുന്നതിനാൽ പത്തിരിക്ക് ഗുണങ്ങളും ഏറെ. ദഹനത്തിനും നല്ലതാണ്. പ്രായഭേദമെന്യേ ആർക്കും കഴിക്കാൻ സാധിക്കുമെന്നതും പത്തിരിയുടെ പ്രത്യേകതകളിൽ ഒന്നാണ്. രുചി വൈവിധ്യം തന്നെയാണ് പേട്ട പത്തിരിയെ ഏവരുടെയും പ്രിയപ്പെട്ടതാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ പത്തിരി ഉണ്ടാക്കി വിൽക്കുന്നത് ഈരാററുപേട്ടയിലാണ്. ഇവിടെ നിരവധി വ്യവസായ യൂണിററുകളും അതു കൂടാതെ വീടുകളിലുംആവശ്യക്കാർക്ക് നൽകാനായി പത്തിരി ഉണ്ടാക്കുന്നുണ്ട്. നോമ്പ് തുടങ്ങിയ ദിവസം മുതൽ ഇവർ പത്തിരി ഉണ്ടാക്കുന്ന തിരക്കിലുമാണ്. ദിനംപ്രതി ആയിരക്കണക്കിന് പത്തിരിയാണ് ഇവിടെ സ്ത്രീകൾ ഉണ്ടാക്കുന്നത്. പള്ളികളിലും വീടുകളിലുമാണ് നോമ്പു സമയങ്ങളിൽ പത്തിരി കൂടുതലായും വാങ്ങുന്നത്. മൂന്ന് രൂപയാണ് പത്തിരിക്ക് വില. ഇവിടുത്തെ മിക്ക ബേക്കറികളിലും വൈകുന്നേരങ്ങളിൽ പാക്കറ്റുകളിലായി പത്തിരിവിൽപ്പനക്കുണ്ടാകും.