തീർഥാടകർക്കിടയിൽ സ്മാർട്ട് വളകൾ വിതരണം ചെയ്യും
മക്ക - ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ജോയന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുന്നതിന് നീക്കമുള്ളതായി ദേശീയ ഹജ്, ഉംറ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ബാദി വെളിപ്പെടുത്തി. ഉയർന്ന പരിശീലനം നൽകി സൗദി യുവാക്കൾക്ക് കമ്പനിയിൽ ജോലി നൽകും. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി, ഉംറ വ്യവസായ മേഖലയിലെ അതിവേഗ പുരോഗതിയുമായി ഒത്തുപോകുന്ന നിലക്ക് ഏറ്റവും മികച്ച സേവനങ്ങൾ തീർഥാടകർക്ക് നൽകാനാണ് പുതിയ കമ്പനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതേക്കുറിച്ച സമഗ്ര പഠനം പൂർത്തിയായിട്ടുണ്ട്. കൺസൾട്ടൻസി കമ്പനിയാണ് പഠനം നടത്തിയത്.
ദേശീയ ഹജ്, ഉംറ കമ്മിറ്റി വിപുലമായ യോഗങ്ങൾ ചേർന്ന് കമ്പനി സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് കമ്പനിക്ക് ലൈസൻസുകൾ നേടിയെടുക്കുന്നതിന് ഇപ്പോൾ ശ്രമിച്ചുവരികയാണ്. ലൈസൻസുകൾ ലഭിച്ച ശേഷം എയർപോർട്ടുകളിലും തുറമുഖങ്ങളിലും കരാതിർത്തി പോസ്റ്റുകളിലും എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിലും യാത്രയാക്കുന്നതിലും ഏറ്റവും മുന്തിയ സേവനങ്ങൾ കമ്പനി നൽകും. തീർഥാടകർക്ക് അനുയോജ്യമായ സ്വീകരണവും സമ്പന്നമായ തീർഥാടന യാത്രാനുഭവവും സമ്മാനിക്കുന്ന നിലയിലാണ് പുതിയ കമ്പനി സേവനങ്ങൾ നൽകുക. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും കമ്പനി നൽകും. തീർഥാടകർക്ക് ആവശ്യമായ മറ്റു സേവനങ്ങൾ നൽകുന്നതിന് പ്രത്യേക കർമ സമിതികൾ പ്രവർത്തിക്കുമെന്നും മുഹമ്മദ് ബിൻ ബാദി പറഞ്ഞു.
എയർപോർട്ടുകളിലും തുറമുഖങ്ങളിലും കരാതിർത്തി പോസ്റ്റുകളിലും ഏറെ ആശ്വസകരമാകുന്ന നിലക്ക് തീർഥാടകരുടെ ലഗേജ് പരിശോധനാ സംവിധാനങ്ങൾ പരിഷ്‌കരിക്കുകയും ചെയ്യും. എയർപോർട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിർത്തി പോസ്റ്റുകളിലെയും ലഗേജ് പരിശോധന തീർഥാടകർ നേരിടുന്ന വലിയ പ്രയാസമാണ്. അതിർത്തി പ്രവേശന കവാടങ്ങളിൽ നിന്നും പരിശോധന പൂർത്തിയാക്കി ലഗേജുകൾ സ്വീകരിച്ച് തീർഥാടകരുടെ താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നതിന് സൗദി പോസ്റ്റ് പോലുള്ള വൻകിട കമ്പനിയുമായി കരാർ ഒപ്പുവെക്കുന്നത് അടക്കമുള്ള പോംവഴികളെ കുറിച്ചാണ് കമ്മിറ്റി പഠിക്കുന്നത്.
മക്കയിലും മദീനയിലും ഹറമുകൾക്കു സമീപമുള്ള പ്രദേശങ്ങളിൽ വഴിതെറ്റുന്ന തീർഥാടകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് ഉയർന്ന ശേഷിയും യോഗ്യതകളുമുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക കർമ സമിതികൾ രൂപീകരിക്കും. തീർഥാടകർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിനും രോഗികളെ ആശുപത്രികളിലേക്ക് നീക്കുന്നതിനും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെ ആശുപത്രി വാസത്തിനിടെ തീർഥാടകരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റൊരു കർമ സമിതിയും രൂപീകരിക്കും. മക്കയിലെയും മദീനയിലെയും മറ്റും ആശുപത്രികളിൽ വെച്ച് മരണപ്പെടുന്ന തീർഥാടകരുമായി ബന്ധപ്പെട്ട തുടർ നടപടികളും കമ്പനി പൂർത്തിയാക്കും. സൗദിയിൽ തന്നെ മറവു ചെയ്യുന്നതിനും കുടുംബങ്ങൾ ആഗ്രഹിക്കുന്ന പക്ഷം മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനും ആവശ്യമായ നടപടികളും കമ്പനി പൂർത്തിയാക്കും.
തീർഥാടകരുടെ പേരുവിവരങ്ങളും താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ സ്മാർട്ട് വളകൾ തീർഥാടകർക്ക് വിതരണം ചെയ്യും. സൗദിയിലെത്തുന്ന ഉടൻ സ്മാർട്ട് വളകൾ തീർഥാടകർക്ക് വിതരണം ചെയ്യും. സ്മാർട്ട് വളകൾ നിർമിക്കുന്നതിന് ചൈനീസ് കമ്പനിയുമായി ദേശീയ ഹജ്, ഉംറ കമ്മിറ്റി ആശയവിനിമയം നടത്തിവരികയാണ്. വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങാതിരിക്കുന്നത് ഉറപ്പു വരുത്തുന്നതിന് എസ്.എം.എസുകളും ബ്രോഷറുകളും വഴി സൗദിയിലെ നിയമങ്ങളെ കുറിച്ച് തീർഥാടകരെ ബോധവൽക്കരിക്കുകയും ചെയ്യും.
തീർഥാടകരിൽ നിന്ന് ഇരുപത്തിനാലു മണിക്കൂറും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക സംഘവും കമ്പനിക്കു കീഴിൽ പ്രവർത്തിക്കും. വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും സമീപ പ്രദേശങ്ങളിൽ വയോജനങ്ങൾക്ക് യാത്രാ സൗകര്യം നൽകുന്നതിനും അടിയന്തര കേസുകൾ ആശുപത്രികളിലേക്ക് നീക്കുന്നതിനും വയർലസ് ഉപകരണങ്ങളും ഗോൾഫ് കാർട്ടുകളും ജീവനക്കാർക്ക് നൽകും. തീർഥാടകരെ ഏറ്റവും മികച്ച നിലയിൽ സ്വീകരിക്കുന്നതിലും ആതിഥ്യം നൽകുന്നതിലും സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകുന്നതിന് കമ്പനിക്കു കീഴിൽ പ്രത്യേക ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കുമെന്നും മുഹമ്മദ് ബിൻ ബാദി പറഞ്ഞു.