Sorry, you need to enable JavaScript to visit this website.

മൂന്നാറിലെ ഇരട്ട കൊലക്കേസ് പ്രതി തമിഴ്‌നാട്ടില്‍ ആയുധങ്ങളുമായി പിടിയില്‍

ഇടുക്കി- എ.കെ 47 തോക്ക് അടക്കമുളള ആയുധങ്ങളുമായി തമിഴ്‌നാട്ടില്‍ പിടിയിലായ രാഷ്ട്രീയ നേതാവ് കൂടിയായ കൊള്ളസംഘത്തവന്റെ പ്രധാന കൂട്ടാളി മൂന്നാറിലെ ഇരട്ടകൊലക്കേസ് പ്രതിയായ മണിയെന്ന് പോലീസ്. വെള്ളിയാഴ്ച വൈകിട്ടാണ് ബോഡി -തേനി റോഡില്‍ വെച്ച് തമിഴക മക്കള്‍ മുന്നേറ്റ കഴകം നേതാവ് ബോഡി പൊട്ടല്‍ക്കളം സ്വദേശി കൗര്‍ മോഹന്‍ദാസിനെ പോലീസ് പിടികൂടിയത്. മീനവലക് ഇന്‍സ്‌പെക്ടര്‍ ധര്‍മരാജ്, എസ്.ഐ സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പതിവ് വാഹന പരിശോധനക്കിടയിലാണ് ആഡംബര വാഹനത്തിലെത്തിയ മോഹന്‍ദാസിനെ പിടികൂടിയത്.
വാഹനത്തില്‍ നിന്ന് എ.കെ 47, മെഷീന്‍ ഗണ്‍, കൈത്തോക്കുകള്‍, വടിവാള്‍ തുടങ്ങിയ ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലും സമാന ആയുധങ്ങള്‍ കണ്ടെത്തി. കൊള്ളസംഘത്തിലെ പത്ത് പേര്‍ പോലീസ് മോഹന്‍ദാസിന്റെ വീട്ടിലെത്തുന്നതറിഞ്ഞ് കടന്നു കളഞ്ഞു.
ഈ ആയുധങ്ങള്‍ ഉപയോഗിച്ച് തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കൊള്ള നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ മോഹന്‍ദാസ് പോലീസിനോട് പറഞ്ഞു. കൊടും കുറ്റവാളി മൂന്നാര്‍ എല്ലപ്പെട്ടി കെ കെ ഡിവിഷനില്‍ മണി (എസ്റ്റേറ്റ് മണി) യാണ് കൊള്ളയടിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് പദ്ധതി തയാറാക്കിയതെന്ന് മോഹന്‍ദാസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് എല്ലപ്പെട്ടി സ്വദേശികളായ ശരവണന്‍, ജോണ്‍ പീറ്റര്‍ എന്നിവരെ എസ്റ്റേറ്റ് മണി ബോഡിമെട്ടില്‍ വെച്ച് വെട്ടിക്കൊന്നത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഓട്ടോ ഡ്രൈവര്‍മാരായ യുവാക്കളെ തമിഴ്‌നാട്ടിലേക്ക് ഓട്ടം പോകാനെന്ന പേരില്‍ കൂട്ടിക്കൊണ്ടു പോയി നടുറോഡിലിട്ട് വെട്ടി കൊന്നത്. ഈ കേസില്‍ ഇയാള്‍ പോലീസ് പിടിയിലായിരുന്നു. തമിഴ്‌നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയാണ് മണി. ഇപ്പോള്‍ ജാമ്യത്തിലുളള ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പിടിച്ചെടുത്ത എ.കെ 47 തോക്ക് ഡമ്മിയാണോയെന്ന സംശയവും പോലീസിനുണ്ട്. ഇതില്‍ വ്യക്തത വരുത്താനായി ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടും.

 

Latest News