ദുബായ്- ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന കൊമോറോ പൗരനെ യുഎഇ സുപ്രീം കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചു. പത്തു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുന്‍ ഫ്രഞ്ച് കോളനിയായ ദ്വീപുരാജ്യമായ കൊമോറോ പൗരനായ 21കാരനെയാണ് ഫെഡറല്‍ സുപ്രീം കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ശിക്ഷിച്ചത്. ഇയാള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കാനും പ്രതി സമര്‍പ്പിച്ച വിവരങ്ങള്‍ ഡിലീറ്റു ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതിയുമായി ബന്ധമുള്ള സോഷ്യല്‍ മിഡിയാ അക്കൗണ്ടുകളും നീക്കം ചെയ്യപ്പെടും. എല്ലാ കോടതി ചെലവുകളും പ്രതി തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.
എ.എ.എ.സി എന്നാണ് കോടതി വിധിയില്‍ പ്രതിയുടെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് പ്രതി തീവ്രവാദപരമായ പോസ്റ്റുകളിട്ടതും ഐഎസിനും അതിന്റെ നേതാവ് അബുബക്കര്‍ അല്‍ ബഗ്ദാദിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നത്. അല്‍ ഖഇദ, ഐഎസ് എന്നീ സംഘടനകല്‍ക്ക് പ്രചാരണം നല്‍കുന്ന ലേഖനങ്ങളും വിവരങ്ങളും പ്രചരിപ്പിക്കാന്‍ ട്വിറ്റര്‍ ഉപയോഗിച്ചതിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. യുവ ജനങ്ങളെ ഈ സംഘടനകളിലേക്ക് പ്രതി ക്ഷണിക്കുകയും ചെയ്തിരുന്നു. യുഎഇക്കും ഇവിടുത്തെ സമൂഹത്തിനും ഹാനികരമായ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച കുറ്റവും പ്രതിക്കുമേല്‍ ചുമത്തിയിരുന്നു.