Sorry, you need to enable JavaScript to visit this website.

അവരെയൊക്കെ സഖാക്കൾ എന്ന് വിളിക്കാൻ ഞാൻ അറയ്ക്കും-രൂക്ഷ വിമർശനവുമായി പ്രതിഭാ ഹരി എം.എൽ.എ

ആലപ്പുഴ- കായംകുളം താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫെയ്്‌സ്ബുക്ക് പോസ്റ്റിൽ കമന്റിട്ടതിന് പാർട്ടി പ്രവർത്തകരിൽനിന്ന് സൈബർ അക്രമണം നേരിട്ട കായംകുളം എം.എൽ.എ പ്രതിഭ ഹരി വിശദീകരണവുമായി രംഗത്ത്. തന്റെ കുടുംബജീവിതം വരെ ചിലർ കമന്റിൽ പരാമർശിച്ചുവെന്നും അവരെയൊക്കെ സഖാവ് എന്ന സംബോധന ചെയ്യാൻ താൻ അറയ്ക്കുമെന്നും പ്രതിഭാ ഹരി പറഞ്ഞു. തന്നോട് വ്യക്തിപരമായി ചിലർക്കൊക്കെ വിരോധമുണ്ടെന്ന് മനസിലായിയെന്നും എം.എൽ.എ വ്യക്തമാക്കി.
എം.എൽ.എയുടെ വിശദീകരണം
കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ഗാംങ് അറ്റാക്ക് ഒക്കെ മനസ്സിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമൻറിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നുവെന്നും പ്രതിഭാ ഹരി പറഞ്ഞു. ഫെയ്‌സ്ബുക്കിൽ പ്രതിഭാ ഹരി കമന്റിട്ടതിനെ കഴിഞ്ഞദിവസം മന്ത്രി ശൈലജ തന്നെ എതിർത്തിരുന്നു. ശരിയായ രീതിയല്ല പ്രതിഭാഹരി സ്വീകരിച്ചത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
 

Latest News