കോഴിക്കോട്- വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് അധ്യാപകർ മാറ്റി എഴുതിയ സംഭവത്തിൽ മുക്കം നീലേശ്വരം സ്‌കൂളിൽ പരീക്ഷ വീണ്ടും നടത്തേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്ക് പകരം അധ്യാപകർ പരീക്ഷ എഴുതിയ സംഭവത്തിൽ ക്രിമിനൽ കേസെടുത്തിരുന്നു. ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ ഡോ എസ് എസ് വിവേകാനന്ദൻ, ഡെപ്യുട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ എന്നിവർ രാവിലെ പത്ത് മണിയോടെയാണ് നീലേശ്വരം സ്‌കൂളിൽ എത്തിയത്. അധ്യാപകൻ പരീക്ഷ എഴുതിയ നാലു കുട്ടികളുടേയും സ്‌കൂളിൽ പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 14 അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തി. തങ്ങളുടെ അറിവോടെയല്ല അധ്യാപകൻ പരീക്ഷ എഴുതിയതെന്ന മൊഴി കുട്ടികൾ ആവർത്തിച്ചു. പുനഃപരീക്ഷ വേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും വീണ്ടും പരീക്ഷയെഴുതാനാവില്ലെന്ന് നിലപാടിലാണ് വിദ്യാർഥികൾ വീണ്ടും പരീക്ഷ പ്രായോഗികമല്ലെന്നും അധ്യാപകരും അറിയിച്ചിട്ടുണ്ട്.
അതേസമയം ഹയർസെക്കൻഡറി ഡയറക്ടറുടെ പരാതിയിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .കേസ് അന്വേഷിക്കുന്ന മുക്കം സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്‌കൂളിൽ എത്തി തെളിവെടുത്തു. കുട്ടികളിൽ നിന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരിൽ നിന്ന് പോലീസും മൊഴിയെടുത്തു. എന്തിന് വേണ്ടിയാണ് അധ്യാപകർ ഇങ്ങനെ ഒരു നീക്കം നടത്തിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം വർദ്ധിപ്പിക്കുന്നതിന് പുറമെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. സംഭവത്തിലെ പ്രതികകളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുള്ളതായാണ് സൂചന.ഇത് മുന്നിൽ കണ്ട് ഒളിവിൽ കഴിയുന്ന മൂന്ന് അധ്യാപകരും മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങി. അതിനിടെ ഉത്തരപേപ്പർ അധ്യാപകർ മാറ്റിയെഴുതിയ സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ രാഷ്ട്രീയ ചേരിതിരിവും ക്രിമിനൽ കേസും. കുറ്റാരോപിതരായ അധ്യാപകർ സി.പി.എം നേതൃത്വത്തിലുള്ള കെ.എസ്.ടി.എ പ്രവർത്തകരായതിനാൽ യു.ഡി.എഫ് അനുഭാവികളായ അധ്യാപകർ ഇവർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ അധ്യാപകർ രണ്ടു തട്ടിലാണ്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്, കോൺഗ്രസ്, ബി.ജെ.പി സംഘടനകൾ ഇന്നലെ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് മുക്കം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ
മൂന്ന് അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ഹയർ സെക്കണ്ടറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണ നേരിട്ടെത്തിയാണ് പരാതി നൽകിയത്.
ആരോപണ വിധേയരായ മൂന്ന് അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് പരാതി നൽകിയത്. കുട്ടികളുടെ ഉത്തരക്കടലാസ് മാറ്റിയെഴുതിയ നിഷാദ് വി.മുഹമ്മദ് എന്ന അധ്യാപകനെതിരെ ആൾമാറാട്ടത്തിനാണ് കേസെടുക്കുക. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
അതിനിടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടറും റീജണൽ ഡെപ്യൂട്ടി ഡയറക്ടറും ഇന്ന് നീലേശ്വരം ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തി വിദ്യാർഥികളുടെ മൊഴിയെടുക്കും. അധ്യാപകൻ പൂർണമായും പരീക്ഷയെഴുതിയ രണ്ടു കുട്ടികളുടെ കാര്യത്തിൽ വകുപ്പു തലത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നറിയുന്നു. കുട്ടികളുടെ ഭാവി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലം തടഞ്ഞുവെച്ച വിദ്യാർഥികളോട് ഇന്ന് സ്‌കൂളിൽ എത്താൻ അധികൃതർ നിർദേശിച്ചതായി അറിയുന്നു. ഫലം സംബന്ധിച്ച് അവ്യക്തത തുടരുന്നതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലാണ്. കുട്ടികളുടെ തടഞ്ഞുവെച്ച പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയോ വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഡിഗ്രി കോഴ്‌സിന് അപേക്ഷിക്കാനുള്ള സമയമായതിനാൽ പ്രശ്‌നത്തിന്റെ സങ്കീർണതയിൽ പെട്ട് വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
അധ്യാപകൻ തനിക്കു വേണ്ടി പരീക്ഷ എഴുതിയ കാര്യം ഫലം വന്ന ശേഷമാണ് അറിഞ്ഞതെന്ന് ഒരു വിദ്യാർഥി പ്രതികരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ, സ്‌കൂളിന് നൂറ് ശതമാനം വിജയം ഉറപ്പാക്കാനുമുള്ള ശ്രമമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം കുട്ടികൾക്ക് അറിയില്ലെന്ന് വ്യക്തമായതോടെ സ്‌കൂൾ അധികൃതർ പ്രതിരോധത്തിലായി. സ്‌കൂളിനെ കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്ന വിധത്തിൽ കത്തുമായി സ്‌കൂൾ ലീഡർ രംഗത്തെത്തിയതും വിവാദമായി. അധ്യാപകനെയും പ്രിൻസിപ്പലിനെയും രക്ഷിക്കാനാണ് ഇത്തരം പ്രസ്താവനകളെന്ന് അഭിപ്രായമുയരുന്നുണ്ട്. വിഷയത്തിൽ അധ്യാപകർ രണ്ടു തട്ടിലാണ്.
ഹയർ സെക്കണ്ടറി അധികൃതർ നേരിട്ട് എത്തുന്നതോടെ വിദ്യാർഥികളുടെ പരീക്ഷാഫലം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്‌കൂളിലെ 32 വിദ്യാർഥികളുടെ ഉത്തരക്കടലാസിൽ തിരുത്തലുകൾ നടത്തിയതായും കണ്ടെത്തിയിരുന്നു. പ്ലസ് ടു പരീക്ഷയിൽ വിദ്യാർഥികൾക്കു വേണ്ടി പരീക്ഷ എഴുതിയതായും ഉത്തരക്കടലാസുകൾ തിരുത്തിയതായും സ്‌കൂളിലെ അധ്യാപകനും അഡീഷണൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി.മുഹമ്മദ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിഷാദ് വി.മുഹമ്മദിനെ കൂടാതെ പരീക്ഷാ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ പി.കെ ഫൈസൽ, ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലുമായ കെ.റസിയ എന്നിവരെയും സസ്‌പെൻഡ് ചെയ്തിരുന്നു.