കൊല്ലം- പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസിലെ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾക്ക് ജീവപര്യന്തം തടവ്. 25 വർഷത്തേക്ക് ജാമ്യം, പരോൾ തുടങ്ങിയ ഒരു ആനൂകുല്യവും അനുവദിക്കരുതെന്നും കൊല്ലം അഡിഷണൽ സെഷൻസ് കോടതി (നാല്) വിധിച്ചു. എട്ടാം പ്രതി അജിംഷായെ കോടതി വെറുതെവിട്ടു. തഴുത്തല കണ്ണനല്ലൂർ വാലിമുക്ക് പുതിയവീട്ടിൽ പാമ്പ് മനോജ് എന്ന മനോജ് (40), പരവൂർ നെടുങ്ങോലം പോസ്റ്റ് ഓഫീസിന് സമീപം കച്ചേരിവിള വീട്ടിൽ കാട്ടുണ്ണി എന്ന രഞ്ജിത്ത് (30), പൂതക്കുളം എൽ.പി.എസിന് സമീപം പാനാത്തുചിറയിൽ വീട്ടിൽ കൈതപ്പുഴ ഉണ്ണി എന്ന ബൈജു (39), തൃക്കോവിൽവട്ടം വെറ്റിലത്താഴത്ത് റാം നിവാസിൽ കുക്കു എന്ന പ്രണവ് (25), മുഖത്തല തൃക്കോവിൽവട്ടം ഡീസന്റ് ജംഗ്ഷൻ കോണത്തു വടക്കതിൽ വിഷ്ണു (21), കിളികൊല്ലൂർ പവിത്രനഗർ 150 വിനീത മന്ദിരത്തിൽ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയിൽ വീട്ടിൽ റിയാസ് (30) എന്നിവരാണ് കേസിലെ ഒന്നു മുതൽ ഏഴ് വരെ പ്രതികൾ.
കൊറ്റങ്കര പേരൂർ തട്ടാർകോണം അയ്യർമുക്കിൽ പ്രോമിസ്ഡ് ലാന്റിൽ രഞ്ജിത്ത് ജോൺസനെ (രഞ്ജു-40) തട്ടിക്കൊണ്ടു പോയി കൊന്നു നാഗർകോവിലിൽ കുഴിച്ചുമൂടിയെന്നാണ് പ്രോസിക്യൂഷൻ കേസ്. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേർന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പോലീസ് പറയുന്നു. ഒമ്പത് വർഷങ്ങൾക്കു മുമ്പ് മനോജിന്റെ പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. ഇതിന്റെ പക മനസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മനോജ്. രഞ്ജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളായിരുന്നു. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്.
തനിക്കെതിരെ മനോജിൽ നിന്നു വധഭീഷണിയുണ്ടെന്നു മനസിലാക്കിയ രഞ്ജിത് വീട്ടിനു പുറത്തിറങ്ങുന്നതുതന്നെ വിരളമായിരുന്നു. വീടുവിട്ടു പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വീട്ടിൽ നിന്നു പുറത്തിറക്കിയ ശേഷമാണു തട്ടിക്കൊണ്ടുപോയി കൊലനടത്തിയത്. കാറിൽ തട്ടിക്കൊണ്ടുപോയ രഞ്ജിത്തിനെ പോളച്ചിറ ഏലായിൽ എത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം കാറിന്റെ പിൻസീറ്റിൽ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗർകോവിലിലേക്ക് പോയി. കൊലനടത്തിയതിന് പിറ്റേദിവസം നാഗർകോവിൽ-തിരുനെൽവേലി റോഡിൽ തിരുനെൽവേലിക്ക് 15 കിലോമീറ്റർ ദൂരെ സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയിൽ മൃതദേഹം തള്ളിയശേഷം മണ്ണിട്ടു മൂടി. രാത്രി തന്നെ സംഘം നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. മകൻ തിരികെ വരാതിരുന്നതിനെ തുടർന്ന് ഓഗസ്റ്റ് 20ന് വൈകിട്ട് 3.30 മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോൺസൺ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി.
അന്വേഷണത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പോലീസ് സംഘം സമുന്ദാപുരത്തേക്ക് പോയി. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന കുഴിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. കൈയിലെ പച്ചകുത്തിയ അടയാളമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.
ഡിസംബർ ഒന്നിനാണ് കിളികൊല്ലൂർ ക്രൈം എസ്‌ഐ വി അനിൽകുമാർ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആദ്യപ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം നൽകിയതോടെ പ്രതികൾക്ക് ജാമ്യം നേടി പുറത്തിറങ്ങാനാവില്ല. കൊല്ലം എസിപി എ പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.