തിരുവനന്തപുരം- തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് തോൽക്കാനുള്ള സാധ്യതയുമുണ്ടെന്ന് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ. തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലാണ് പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്നും ടി എൻ പ്രതാപൻ പറഞ്ഞു. തൃശൂരിൽ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് പോയിട്ടുണ്ടാകാമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. അതേസമയം, ബി.ജെ.പിക്ക് വോട്ടു കൂടുമെങ്കിലും താൻ വിജയിക്കുമെന്നും പ്രതാപൻ പിന്നീട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന യു.ഡി.എഫ് സംസ്ഥാനത്ത് 19 സീറ്റുകൾ വരെ നേടുമെന്ന് വിലയിരുത്തിയിരുന്നു. യു.ഡി.എഫ് ഏകോപന സമിതി 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തിയതിൽ പാലക്കാട് ഒഴികെയുളള മണ്ഡലങ്ങളിലെല്ലാം വിജയ സാധ്യതയുണ്ടെന്നാണ് അഭിപ്രായം. ഇതിനിടെയാണ് ഇന്ന് തൃശൂർ വിജയത്തെ പറ്റി ടി.എൻ പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചത്.
യു.ഡി.എഫിന് അനുകൂലമായ ലക്ഷക്കണക്കിന് വോട്ടുകൾ അവസാന നിമിഷം വോട്ടർ പട്ടികയിൽ നിന്ന് വെട്ടിനീക്കിയിട്ടുണ്ടെങ്കിലും 2014 നേക്കാൾ മികച്ച വിജയം നേടാനാകും. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരെ കണ്ടെത്തി പരാതി നൽകാൻ യു.ഡി.എഫ് മുൻകൈ എടുക്കും. ഈ വിഷയത്തിൽ വ്യക്തികളുടെ പരാതികൾ പരിഗണിക്കാമെന്നാണ് കമ്മീഷന്റെ നിലപാടെന്നിരിക്കേ ജില്ലാ യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പരാതി നൽകാൻ സഹായിക്കും.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തിയെന്നും ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി സംസ്ഥാന വ്യാപകമായി വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ വെട്ടിമാറ്റിയെന്നും വോട്ടിംഗ്് സമയം ദീർഘിപ്പിച്ചാണ് കള്ളവോട്ടിന് കളമൊരുക്കിയതെന്നും ആരോപിച്ചു.
അതേസമയം, കള്ളവോട്ടുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതികൾക്കനുകൂലമായ നിലപാട് സ്വീകരിക്കേണ്ടെന്നും കള്ളവോട്ടിനെതിരായ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്ക് പിന്തുണ നൽകണമെന്നുമാണ് തീരുമാനം.