ജിദ്ദ - ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ പുരാതന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഞ്ചു കോടി റിയാൽ അനുവദിച്ചു. ഹിസ്റ്റോറിക് ജിദ്ദയുടെ സമ്പന്നമായ പൈതൃകം അടയാളപ്പെടുത്തുന്ന, അപകടാവസ്ഥയിലുള്ള 56 കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആദ്യ ഘട്ടമെന്നോണമാണ് ഇത്രയും പണം അനുവദിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ ആർജിത ചരിത്ര, സാംസ്‌കാരിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണിത്. ഹിസ്റ്റോറിക് ജിദ്ദയെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി പുരാതന കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് കിരീടാവകാശി അഞ്ചു കോടി റിയാൽ അനുവദിച്ചത്. രാജ്യത്ത് സാംസ്‌കാരിക, പൈതൃക മൂല്യങ്ങളുള്ള പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സൗദി യുവാക്കളുടെ സേവനം പ്രയോജനപ്പെടുത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് കിരീടാവകാശി നിർദേശിച്ചു. പുരാതന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളിൽ പരിചയ സമ്പത്തുള്ള വിദഗ്ധരുടെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നതിന് സൗദി യുവാക്കളെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപീകരിക്കുന്നതിന് സാംസ്‌കാരിക മന്ത്രാലയത്തിന് കിരീടാവകാശി നിർദേശം നൽകി. ഹിസ്റ്റോറിക് ജിദ്ദയുടെ സവിശേഷമായ വാസ്തുശിൽപ, പൈതൃക മാതൃകയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും നിർദേശമുണ്ട്. ഹിസ്റ്റോറിക് ജിദ്ദയിലെ ചില കെട്ടിടങ്ങൾക്ക് 500 വർഷത്തോളം പഴക്കമുണ്ട്. നാശോന്മുഖമായ ഈ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണികളിലൂടെ പുതുജീവൻ നൽകുന്നതിനാണ് ശ്രമം.