Sorry, you need to enable JavaScript to visit this website.

സൗദി എണ്ണക്കപ്പലുകൾക്കു  നേരെ ആക്രമണം

റിയാദ് - യു.എ.ഇയിലെ ഫുജൈറക്കു സമീപം കഴിഞ്ഞ ഞായറാഴ്ച ആക്രമണമുണ്ടായ കപ്പലുകളിൽ രണ്ടെണ്ണം സൗദി എണ്ണ ടാങ്കറുകളാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ ആറു മണിക്കാണ് ഫുജൈറക്കു സമീപം യു.എ.ഇ ജലാതിർത്തിയിലൂടെ അറേബ്യൻ ഉൾക്കടൽ താണ്ടുന്നതിന് നീങ്ങുകയായിരുന്ന കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഇതിൽ ഒരു കപ്പൽ കിഴക്കൻ സൗദിയിലെ റാസ് തന്നൂറ തുറമുഖത്തു നിന്ന് എണ്ണ കയറ്റുന്നതിന് പോവുകയായിരുന്നു. റാസ് തന്നൂറയിൽ നിന്ന് കയറ്റുന്ന എണ്ണയുമായി അമേരിക്കയിൽ എത്തിക്കുന്നതിനായിരുന്നു പദ്ധതി. ആക്രമണത്തിൽ ആളപായവും എണ്ണ ചോർച്ചയും ഉണ്ടായിട്ടില്ല. എന്നാൽ രണ്ടു കപ്പലുകളുടെയും ബോഡിയിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. 
സമുദ്ര ഗതാഗതത്തിനും ലോകമെങ്ങും എണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭീഷണിയായ ആക്രമണത്തെ സൗദി ഊർജ, വ്യവസായ മന്ത്രി അപലപിച്ചു. സമുദ്ര ഗതാഗത സുരക്ഷയും എണ്ണക്കപ്പലുകളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ആഗോള സമൂഹത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. എണ്ണക്കപ്പലുകൾക്കും സമുദ്ര ഗതാഗത സുരക്ഷക്കും എതിരായ ആക്രമണങ്ങൾ ആഗോള ഊർജ വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. 

Latest News