കൊച്ചി മെട്രോ സര്‍വീസ് തുടങ്ങി: ആവേശത്തില്‍ മുങ്ങി യാത്രക്കാര്‍

കൊച്ചി-ആവേശം നുരയുന്ന അന്തരീക്ഷത്തില്‍ പൊതുജനങ്ങള്‍ക്കു വേണ്ടിയുള്ള കൊച്ചി മെട്രോയുടെ സര്‍വീസിനു തുടക്കമായി. അതിരാവിലെ തന്നെ പലരും ടിക്കറ്റെടുക്കാന്‍ സ്റ്റേഷനുകളില്‍ തിരക്കുകൂട്ടി. പാലാരിവട്ടത്തു നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കുമാണ് ഒരേ സമയം സര്‍വീസ് തുടങ്ങിയത്. ഒന്‍പതു മിനിട്ട് ഇടവേളയില്‍ 219 സര്‍വീസുകളാണ് പ്രതിദിനം ഉണ്ടാവുക. 

പൊതുജനങ്ങള്‍ക്കായുള്ള മെട്രോ സര്‍വീസിനു ടിക്കറ്റ് ലഭിച്ചവര്‍ ആഘോഷത്തോടെയാണ് സര്‍വീസ് നടത്തിയത്. ട്രെയിനിലുടനീളം സെല്‍ഫി എടുക്കുന്നവരുടെ തിരക്കാണ്. സാമൂഹിക മാധ്യമങ്ങളിലും കൊച്ചി മെട്രോ സെല്‍ഫികള്‍ നിറയുകയാണ്. ശനിയാഴ്ച പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ സര്‍വീസ് ഞായറാഴ്ച ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയാണ് നടത്തിയത്. മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിലായിരുന്നു ഭിന്ന ശേഷിയുള്ളവര്‍ മെട്രോ യാത്ര നടത്തിയത്. 

മെട്രോ സര്‍വീസിനോടു തുടക്കത്തില്‍ തന്നെ മലയാളികള്‍ കാണിക്കുന്ന താല്‍പര്യം കെഎംആര്‍എലിനും പ്രതീക്ഷ പകരുന്നുണ്ട്. വരുംനാളുകളില്‍ യാത്രക്കാര്‍ക്കൊപ്പം ടൂറിസം സാധ്യതയും പരിഗണിക്കുന്നുണ്ട്. മെട്രോയില്‍ യാത്ര ചെയ്യാന്‍ മിനിമം ചാര്‍ജ് പത്തു രൂപയാണ്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള യാത്രയ്ക്കു നാല്‍പ്പതു രൂപയാണ് ഈടാക്കുക.

 

Latest News