വളാഞ്ചേരി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇടതുകൗൺസിലറെ മന്ത്രി ജലീൽ സംരക്ഷിക്കുന്നുവെന്നാരോപിച്ച് മന്ത്രിയുടെ വസതിയിലേക്ക് യു.ഡി.എഫ് യുവജനസംഘടന പ്രതിഷേധ മാർച്ച് നടത്തി. ജലീൽ ആകെ നശിച്ചുവെന്നും ഇതിലും താഴേക്ക് പോകാനുണ്ടോ എന്ന് മന്ത്രി ആലോചിക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കെ.എം ഷാജി എം.എൽ.എ ചോദിച്ചു. ആർത്തുകരയുന്ന പെൺകുട്ടിയുടെ സങ്കടം കണ്ടില്ലെന്ന് നടിക്കുകയാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ താൻ നശിക്കട്ടെ എന്നാണ് ജലീൽ ഫെയ്‌സ്ബുക്കിൽ എഴുതിയത്. മന്ത്രി സ്ഥാനത്തുനിന്നു പോകുന്നതാണ് ഏറ്റവും വലിയ നശിക്കൽ എന്നാണ് മന്ത്രി വിചാരിച്ചിരിക്കുന്നത്. ഇപ്പോഴുള്ളതിനേക്കാൾ എന്ത് വലിയ പതനമാണ് ഇനി ജലീലിന് നേരിടാനുള്ളത്. ആദർശത്തിന്റെ കപടമുഖമാണ് ജലീൽ അണിഞ്ഞത്. ജലീലിനോട് കാലം തിരിച്ചു ചോദിക്കുകയാണ്. നിരന്തരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആ പെൺകുട്ടി പറഞ്ഞു. പോലീസ് സ്‌റ്റേഷനിൽനിന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നീതി നൽകിയില്ലെന്നും ഷാജി ആരോപിച്ചു.
പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് വൻ സ്വാധീനമുണ്ടെന്നും മന്ത്രിയുടെ സംരക്ഷണം ആ പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നും വി.ടി ബൽറാം എം.എൽ.എയും പറഞ്ഞു. പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഷംസുദ്ദീൻ മന്ത്രിയുടെ സുഹൃത്താണെന്നും പ്രതിയെ വിദേശത്തേക്ക് കടക്കാൻ മന്ത്രി സഹായിച്ചുവെന്നും ആരോപിച്ചായിരുന്നു മാർച്ച്.