Sorry, you need to enable JavaScript to visit this website.

പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍  സണ്‍ഡേ, കലാശക്കൊട്ട് വൈകിട്ട്

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ സീസണിന് ഇന്ന് വൈകിട്ട് കൊടിയിറങ്ങും. ഞായറാഴ്ച സൗദി സമയം വൈകിട്ട് അഞ്ചിനാണ് അവസാന റൗണ്ട് ലീഗ് മത്സരങ്ങള്‍ ഒരുമിച്ച് ആരംഭിക്കുക. ലിവര്‍പൂളോ മാഞ്ചസ്റ്റര്‍ സിറ്റിയോ ആര് കിരീടം നേടുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ഫു്ട്‌ബോള്‍ ലോകം. താഴെത്തട്ടിലുള്ള ബ്രൈറ്റനെ തോല്‍പിച്ചാല്‍ സിറ്റിക്ക് കിരീടം നിലനിര്‍ത്താം. ഒരു പതിറ്റാണ്ടോളമായി പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനും കിരീടം നിലനിര്‍ത്താനായിട്ടില്ല. 
സിറ്റി സമനിലയെങ്കിലും സമ്മതിച്ചാലേ ലിവര്‍പൂളിന് കിരീടസാധ്യതയുള്ളൂ. വുള്‍വര്‍ഹാംപ്റ്റനുമായാണ് അവരുടെ അവസാന മത്സരം. സിറ്റിയെക്കാള്‍ ഒരു പോയന്റ് പിന്നിലാണ് ലിവര്‍പൂള്‍. 1990 ലാണ് അവസാനമായി ലിവര്‍പൂള്‍ ചാമ്പ്യന്മാരായത്. 15 വര്‍ഷത്തിനിടെ അവരുടെ പത്താമത്തെ കിരീടമായിരുന്നു അത്. പിന്നീടൊരു കിരീടത്തിനായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുമെന്ന് അന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 
ലിവര്‍പൂള്‍ അവസാനം ചാമ്പ്യന്മാരായ ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 13 തവണ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. യുനൈറ്റഡിന് 20 ലീഗ് കിരീടങ്ങളായി. ലിവര്‍പൂള്‍ പത്തൊമ്പതാമത്തെ കിരീടത്തിന് കാത്തിരിപ്പ് തുടരുകയാണ്. ഈ കാലയളവില്‍ ചെല്‍സി അഞ്ചു തവണയും ആഴസനല്‍ നാലു തവണയും കിരീടമുയര്‍ത്തി. ലീഡ്‌സ്, ബ്ലാക്ക്‌ബേണ്‍, ലെസ്റ്റര്‍ തുടങ്ങിയ ടീമുകള്‍ പോലും ചാമ്പ്യന്മാരായി. 
ബാഴ്‌സലോണക്കെതിരായ മാസ്മരിക തിരിച്ചുവരവിലൂടെ ലിവര്‍പൂള്‍ യൂറോപ്യന്‍ കിരീടത്തിന് ഒരു ജയം അരികിലാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗ് കിരീടമാണ് പ്രധാനം. 
യൂര്‍ഗന്‍ ക്ലോപ് കോച്ചായി വന്ന ശേഷമാണ് ലിവര്‍പൂളിന്റെ തിരിച്ചുവരവ് ആരംഭിച്ചത്. നാലു വര്‍ഷത്തിനിടെ യൂറോപ്പിലെ മുന്‍നിര ടീമുകളിലൊന്നാക്കി അദ്ദേഹം. മുഹമ്മദ് സലാഹ്, റോബര്‍ടൊ ഫിര്‍മിനൊ, സാദിയൊ മാനെ കൂട്ടുകെട്ട് ഏറ്റവും അപകടകാരികളായ ആക്രമണനിരയായി. ഡിസംബര്‍ അവസാനം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഒമ്പത് പോയന്റ് ലീഡുണ്ടായിരുന്നു. ജനുവരിയുടെ തുടക്കത്തില്‍ സിറ്റിയോട് തോറ്റതോടെയാണ് അവര്‍ പിന്നിലേക്കു പോയത്. ലെസ്റ്റര്‍, വെസ്റ്റ്ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എവര്‍ടണ്‍ ടീമുകള്‍ക്കെതിരെ സമനില വഴങ്ങി. 
ഈ സീസണില്‍ ലിവര്‍പൂളിന് 97 പോയന്റ് ലഭിച്ചേക്കാം. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടിയ 100 പോയന്റ് കഴിഞ്ഞാല്‍ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡാണ് ഇത്. എന്നിട്ടും അവര്‍ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കാം. സിറ്റിയോട് മാത്രമാണ് ഇത്തവണ അവര്‍ ലീഗില്‍ തോറ്റത്. 


 

Latest News