Sorry, you need to enable JavaScript to visit this website.

ചെമ്പരിക്ക ഖാസിയെ കൊന്ന് കടലിലെറിഞ്ഞത് കൂടെ നടന്നവരെന്ന് പേരമകന്‍

കാസര്‍കോട്- ചെമ്പരിക്ക ഖാസിയും ഇ.കെ. വിഭാഗം സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്നും കൊന്നു കടലിലെറിഞ്ഞത് കൂടെ നടന്നവര്‍ തന്നെയാണെന്നും ഖാസിയുടെ പേരമകന്‍ സലിം ദേളി ആരോപിച്ചു. ഖാസിയുടെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് 2019 മാര്‍ച്ച് 10ന് സമസ്ത കോഴിക്കോട്ട് നടത്തിയ പ്രതിഷേധ സമ്മേളന നഗരിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ സമസ്ത നടപടിയെടുത്തതിനു പിന്നാലെയാണ് സലിം ദേളിയുടെ പരസ്യവിമര്‍ശനം.
എസ്‌കെഎസ്എസ്എഫ് റൈറ്റേഴ്സ് ഫോറം അംഗമായ സലിം ദേളി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്  ഇ.കെ വിഭാഗത്തെ കൂടുതല്‍ വിവാദത്തിലാക്കുന്നതാണ്. കോഴിക്കോട് സമ്മേളനത്തില്‍ സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളിച്ചതിനാണ് ഖാസിയുടെ പേരമക്കളും സമസ്തയുടെ പോഷകസംഘടനകളിലെ സജീവ പ്രവര്‍ത്തകരുമായ റാശിദ് ഹുദവി, സലീം ദേളി, സാബിര്‍ ദേളി എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തത്. ഇവരെ സംഘടനയില്‍ നിന്നും സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സലിം ദേളി ഖാസിയുടെ മരണത്തിലെ കൂടുതല്‍ തെളിവുകളും നിരത്തുന്നു.

ഫേസ് ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗം

സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ട് ആടയിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തെക്കുറിച്ച് ഇനിയും ബോധവാന്മാരാവാത്തവരുണ്ട് എന്നറിയുമ്പോഴാണ് ഏറെ സങ്കടമാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഫോണ്‍ കോളുകളും മെസ്സേജുകളും അതെനിക്ക് മനസ്സിലാക്കിത്തന്നു. ആ വിഭാഗത്തില്‍ നേതൃത്വമോ അണികളോ മറ്റുള്ളവരോ എന്ന വെത്യാസമുണ്ടായിരുന്നില്ല.

ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ സി.എം ഉസ്താദിനെ കൊന്നു കടലില്‍ എറിഞ്ഞത് മറ്റാരുമല്ല. കൂടെ നടന്നവര്‍ തന്നെയാണ് സി എം ഉസ്താദിനെ കൊന്നത്. ഒരു സാധാരണക്കാരന് സി എം ഉസ്താദിനെ ഭയപ്പെടേണ്ടി വന്നിട്ടില്ല. സ്ഥാപനത്തിലും തന്റെ ഖളാഇന്റെ പരിധിയിലും നീതി  നടപ്പിലാക്കിയ അദ്ദേഹത്തെ എന്തിനാണ് സാധാരണക്കാര്‍ വെറുക്കുന്നത്? അതിന്റെ ഒരാവശ്യവും ഇന്നേവരെയുണ്ടായിട്ടില്ല.

ഞങ്ങളാരും ആദ്യം കൊലപാതകികളെക്കുറിച്ചുള്ള സൂചനകളില്‍ വിശ്വസിച്ചിരുന്നില്ല. പിന്നീട് വിശ്വസിക്കേണ്ടി വന്നു. അകലെ നിന്ന് കളി കാണാതെ അകത്തിരുന്ന് കളി കണ്ടാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഇവിടെ.

പലരുടെയും സംശയം വീട് പൂട്ടിയതിനെക്കുറിച്ചായിരുന്നു.
ഉസ്താദിന്റെ മയ്യത്ത് കട്ടിലില്‍ കിടക്കുമ്പോള്‍ വീട് പൂട്ടിയ അവസ്ഥയിലാണ്. ആ വീട് സി എം ഉസ്താദ് പൂട്ടിയതാണെങ്കില്‍ വിരലടയാള പരിശോധകരെ കൊണ്ടുവന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാമായിരുന്നിനില്ലെ. പിന്നെ എന്തിനാണ് ഡിവൈഎസ്പി ഹബീബ് റഹ്മാന്‍ പൂട്ട് പൊളിക്കാന്‍ നേതൃത്വം നല്‍കിയത്? എന്നും കടപ്പുറത്ത് എത്തുന്ന പൂഴി സംഘങ്ങളോട് അന്ന് പൊലീസ് ചെക്കിങ്ങുണ്ടെന്ന് പറഞ്ഞത് ആരായിരുന്നുനു? അന്ന് രാത്രി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചിട്ടുണ്ടായിരുന്നു. പാതിരാ നേരത്ത് ഒരു വെളുത്ത കാര്‍ കണ്ടവരുമുണ്ട്. ഒരലര്‍ച്ച പ്രദേശവാസികള്‍ കേട്ടതായി മൊഴിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊക്കൊ അന്വേഷണം കൃത്യമായി നടത്തിയില്ല.

ഇനി സിഎം ഉസ്താദിന്റെ കൊലപാതകം ആവാതിരിക്കാനുള്ള സാധ്യതകള്‍ ആരായുന്നവരോടാണ് പറയാനുള്ളത്. മൂന്ന് സാധ്യതകളാണ് ഇവിടെയുള്ളത്. ഒന്ന് കൊലപാതകം,  രണ്ട് അപകടമരണം, മൂന്ന് ആത്മഹത്യ.

സി എം ഉസ്താദ് ഗോള ശാസ്ത്രജ്ഞനായതുകൊണ്ടും ഇസ്മിന്റെ മറ്റ് ആവശ്യങ്ങള്‍ക്കും കടപ്പുറത്ത് എത്തിയപ്പോള്‍ അപകടം സംഭവിച്ചതാവാം എന്നതാണ് ചിലരുടെ സംശയരോഗം.
എങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നമുക്ക് നോക്കാം. അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണാല്‍ എങ്ങനെ ഈ മുറിവുകള്‍ എങ്ങനെ സംഭവിച്ചു? കണ്ണിന്റെ മൂലയില്‍ എങ്ങനെ മുറിവുണ്ടായി? വെള്ളത്തില്‍ വീഴുമ്പോള്‍ എങ്ങനെയാണ് ഒരാളുടെ കഴുത്തെല്ല് പൊട്ടുക? കുറ്റിക്കാട്ടില്‍ വലിച്ചിചിഴച്ച് കൊണ്ടു പോകുമ്പോഴുണ്ടാവുന്ന മുറിവ് എങ്ങനെയാണ് കാലില്‍ പറ്റിയത്? എങ്കില്‍ വഴുതി വീണു പോവുന്ന, നന്നായി നീന്താനറിയുന്ന, പ്രദേശവാസിയായ കടലിനെക്കുറിച്ച് എല്ലാം മനസിലാക്കിയ ഒരാള്‍ രക്ഷപ്പെടുകയല്ലെ വേണ്ടത്? കടലില്‍ വീണ് കഴുത്തെല്ല് പൊട്ടിയ എത്ര സംഭവമാണ് കേരളത്തില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് ഈ സംശയവാദക്കാരോട് ചോദിക്കുകയാണ്. ഇനി തന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ വീട് പൂട്ടി പാതിരാവില്‍ പുറത്ത് പോവുന്ന ശീലം സി.എം ഉസ്താദിനുണ്ടായിരുന്നില്ല. മാത്രമല്ല, വീട്ടില്‍ പറയാതെ പുറത്ത് പോവാറുമില്ല.

ഉപ്പാപ്പയുടെ മരണം  ആത്മഹത്യയല്ല എന്ന് ഉറച്ച് വിശ്വസിക്കാനുള്ള കാരണങ്ങള്‍ ഇതൊക്കയാണ്.

1. നീന്തല്‍ അറിയുന്ന ഒരാള്‍ വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം ബാലിശമാണ്.

2.പരസഹായമില്ലാതെ സി.എം ഉസ്താദിന് 900 മീറ്റര്‍  നടക്കാനും അവിടെന്ന് പാറക്കെട്ട് ചാടിക്കടക്കടന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്തലും സാധ്യമല്ല.

3. 76 വയസ്സായ  ഉസ്താദിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. പ്രേതേകിച്ച് 6 മാസം മുമ്പ് മേജര്‍ സര്‍ജറി കഴിഞ്ഞ സ്ഥിതിക്ക്.

4.കണ്ണടയും തലപ്പാവും ധരിക്കാതെ ഉസ്താദ് പുറത്തിറങ്ങാറില്ല. അവ രണ്ടും റൂമിലാണ് കണ്ടെത്തിയത്.

5.ആത്മഹത്യ വാദത്തിനായി സിബിഐ പറയുന്ന കാരണം കരളിന്‍ ഏറ്റ ഒരു മാരകമായ രോഗമാണ്. അതേസമയം ഇത് വരെ പെയിന്‍ കില്ലറുകള്‍ ഉപയോഗിച്ചതായി സിബിഎ ഒരിടത്തും പറയുന്നില്ല.

6. പാറക്കെട്ടുകള്‍ ഉള്ള കടലിലേക്ക് ചാടിയതാണങ്കില്‍ തലയ്‌ക്കേ, മുന്‍ഭാഗത്തോ അല്ലെങ്കില്‍ പിന്‍ ഭാഗത്ത് നട്ടെല്ലിനോ ചതവ് പറ്റേണ്ടതായിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം യാതൊരു ചതവും കണ്ടെത്തിയില്ല.

7. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്ക് ചാടുമ്പോള്‍ പിന്നിലെ കഴുത്തെല്ല് പൊട്ടാന്‍ സാധ്യത ഇല്ല.

8. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കണ്ണിന്റെ രണ്ട് വഷത്തെയും മുറിവുകള്‍, കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. അതും രക്തം കട്ട കെട്ടിയ രൂപത്തിലുള്ള പരിക്ക്.

9. കഴുത്തിനുള്ള പരിക്ക് അകത്തെ എല്ല് പെട്ടിയതാണ്. ഇത് ചാടുമ്പോള്‍ പൊട്ടിയത് ആണെങ്കില്‍ കറസ്‌പോണ്ടന്‍ഡിംഗ് പരിക്കുകളും തലക്കു മറ്റോ ഉണ്ടാവേണ്ടതാണ്.

10. പാറയില്‍ കാണപ്പെട്ട ചെരുപ്പ്, വടി, ടോര്‍ച്ച് വളരെ ഭദ്രമായി അടക്കി വെച്ചതായിട്ടാണ് കാണപ്പെട്ടത് (കൊണ്ട് വെച്ചത് പോലെ)

എന്ത് കൊണ്ട് കൊലപാതകം, അതിനീ കാരണങ്ങളാണുള്ളത്,

1. ചെമ്പരിക്ക ഖാസിയുടെ മരണത്തിനു പിറകെ നടന്ന രണ്ടു ദുരൂഹമരണങ്ങളെ കുറിച്ചും അന്വേഷണം നടന്നിട്ടില്ല. ഒരാള്‍ ഒരു തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താന്‍ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് കുടുംബത്തിന് വിവരം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഒരു രാത്രിയില്‍ മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ റോഡരികില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് പിന്നെ കണ്ടത്. മറ്റൊരാള്‍ കാണിയ മഹ്മൂദ് എന്നയാളാണ്. ചെമ്പരിക്ക ഖാസിയുടെ ഫോണിലേക്ക് അവസാനം വന്നത് ഇയാളുടെ കോളായിരുന്നു. ഈ മരണങ്ങളൊന്നും സി ബി ഐ ഗൗരവത്തിലെടുത്തില്ല.

2. കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്ന വ്യക്തി രാത്രി 3 മണി സമയത്ത് വെളുത്ത കാര്‍ കണ്ടതായി സാക്ഷിമൊഴി നല്‍കിയിട്ടുണ്ട് തുടരന്വേഷണം നടന്നില്ല.

3. അന്നേദിവസം തന്നെ രാത്രി ഒരാളുടെ അലര്‍ച്ച കേട്ടതായി അയല്‍വാസി സ്ത്രീയുടെ സാക്ഷിമൊഴിയുണ്ട്.

4. സ്ഥിരമായി മണല്‍ കടത്തുന്ന കടപ്പുറത്ത് അന്ന് മാത്രം മണല്‍കടത്തിന് ആരും വന്നിട്ടില്ല.

5. അന്ന് അസാധാരണമായി ചെമ്പരിക്ക പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചക്കപ്പെട്ടിരുന്നു.

6. ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് അറസ്റ്റ് നടക്കുമെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലേക്ക് സി.ബി.ഐ ഓഫീസര്‍ ലാസര്‍ സ്ഥലം മാറ്റപ്പെട്ടത് ഉന്നതരുടെ ഇടപെടല്‍ മൂലം എന്ന് സംശയിക്കപ്പെടുന്നു.

7. ലോക്കല്‍ പോലീസ് തെളിവുകള്‍ നശിപ്പിച്ചു. ഉസ്താദിന്റെ ചെരുപ്പ്, ഊന്നുവടി, ടോര്‍ച്ച് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നില്ല. ഡോഗ് സ്‌ക്വാഡിനെ കൊണ്ടുവന്നിട്ടില്ല. വിരലടയാള വിദഗ്ധര്‍ വളരെ വൈകിയാണ് എത്തിയത്. വീട്ടുകാരുടെ മൊഴി എടുക്കാന്‍ വന്നത് തന്നെ 13 ദിവസങ്ങള്‍ കഴിഞ്ഞ്. വീട്ടുകാരുടെ ദുഃഖം കാരണം മാറി നിന്നതാണത്ര.

കോടതി അപകട മരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലല്ലോ. ആത്മഹത്യാ വാദവുമായി വന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെ കോടതി രണ്ടു പ്രാവശ്യമാണ് തള്ളിയത്. ഇത്രയും അന്വേഷിച്ച് ഒന്നും കണ്ടെത്താന്‍ കഴിയാത്തതല്ല. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം കേസിനെ
അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കോടതി അതിനെയൊക്കെ തടയിടുകയും ചെയ്തു.

കേസിനെക്കുറിച്ച് കൃത്യമായ പഠനം നടത്തിയ ജസ്റ്റിസ് കമാല്‍ പാഷ ഇത് കൊലപാതകമാണെന്നും പിന്നില്‍ വലിയ കളികള്‍ നടന്നിട്ടുണ്ടെന്നും  സമസ്ത നേതാക്കളോട് നേരിട്ട് തന്നെ പറഞ്ഞിരുന്നു. വന്‍ പ്രക്ഷോഭം നടത്തി കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാണ് അദ്ദേഹം ഉപദേശം നല്‍കിയത്. ഇല്ലെങ്കില്‍ സമുദായത്തോട് നിങ്ങള്‍ സമാധാനം പറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇനി കളികള്‍ ഏതൊക്കെയെന്ന് നോക്കാം.
2010 ഫെബ്രുവരി 15 മുതല്‍ സി എം ഉസ്താദിനെ കൊലപാതകത്തെ കുടുംബപ്രശ്‌നമാക്കിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിച്ചത്. സംഘടനയുടെ നേതൃത്വത്തൈ ഇത് ധരിപ്പിക്കുകയും ചെയ്തിരുന്നു. ആരാണ് ഇതിന് പിന്നില്‍? മാത്രമല്ല അന്നു തന്നെ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ അതിന്റെ കീഴില്‍ ഒരു സമരംപോലും സംഘടിപ്പിച്ചതുമില്ല. ഇത് ഉയര്‍ന്നുനു വരുന്ന പ്രതിഷേധത്തെ തടയിടാനുള്ള ശ്രമമായിരുന്നു എന്ന് സംശയിക്കുന്നത് ന്യായമല്ലൈ? സി എം ഉസ്താദ് സ്ഥാപിച്ചതും മരിക്കുന്നതുവരെ പ്രസിഡന്റുമായിരുന്ന ചട്ടഞ്ചാല്‍ എം.ഐ.സി ഇതുവരെ ഏതെങ്കിലും തരത്തില്‍ ലീഗല്‍ മൂവ്വ്‌മെന്റ് കേസില്‍ നടത്തിയിട്ടുണ്ടോ? സമര രംഗത്തേക്ക് വന്നിട്ടുണ്ടോ? ഇല്ല. ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ സംശയം. ഞങ്ങളുടേത് മാത്രമല്ല സംഘടനാ നേതാക്കളുടെയും സംശയവും ഇതൊക്കെ തന്നെയാണ്.

 

Latest News