- ഇന്ത്യക്ക് എട്ടിന്റെ പണി; ഐ.സി.സി ഫൈനലിലെ കനത്ത തോൽവി
ബേമിംഗ്ഹാം - ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ 180 റൺസ് തോൽവി ഐ.സി.സി ഫൈനലുകളിലെ ഏറ്റവും കനത്ത പരാജയമാണ്. 2003 ലെ ലോകകപ്പിൽ ജോഹന്നസ്ബർഗിൽ ഓസ്‌ട്രേലിയയിൽ നിന്നേറ്റ കനത്ത തോൽവിയെ അനുസ്മരിപ്പിക്കുന്നതായി ഇന്നലത്തെ പരാജയം. ആഡം ഗിൽക്രിസ്റ്റും റിക്കി പോണ്ടിംഗും മാസ്മരികമായി ബാറ്റ് ചെയ്ത ആ ഫൈനലിൽ 125 റൺസിനാണ് ഇന്ത്യ തോറ്റത്. എല്ലാ ടൂർണമെന്റുകളും കണക്കിലെടുത്താൽ ഏറ്റവും വലിയ അഞ്ചാമത്തെ തോൽവിയാണ് ഇത്. 2000 ലെ കൊക്കക്കോള കപ്പിൽ ശ്രീലങ്കയോട് ഇന്ത്യ 245 റൺസിന് തോറ്റതാണ് ഏറ്റവും കനത്ത പരാജയം.
തോൽവിയോടെ തുടങ്ങിയ പാക്കിസ്ഥാൻ സെമിയിലും ഫൈനലിലും ആധികാരികമായാണ് വിജയിച്ചത്. തോൽപിച്ചത് ടൂർണമെന്റിൽ ഏറ്റവും നന്നായി കളിച്ച രണ്ടു ടീമുകളെയും. 77 പന്ത് ശേഷിക്കേ എട്ടു വിക്കറ്റിനാണ് അവർ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇരുപതോവറോളം ശേഷിക്കേ 180 റൺസിന് ഫൈനൽ ജയിച്ചു. ഐ.സി.സി ടൂർണമെന്റുകളിൽ ആദ്യമായാണ് ഒരു പാക്കിസ്ഥാൻ ഓപണിംഗ് ജോടി ഇന്ത്യക്കെതിരെ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്. ഐ.സി.സി ടൂർണമെന്റുകളുടെ ഫൈനലിൽ ആദ്യമായാണ് ഒരു പാക്കിസ്ഥാനി ബാറ്റ്‌സ്മാൻ സെഞ്ചുറിയടിക്കുന്നത്.
ആർ. അശ്വിന്റെ ബൗളിംഗിൽ ഫഖർ സമാൻ അടിച്ചെടുത്തത് 45 റൺസായിരുന്നു. അശ്വിന്റെ ഏകദിന കരിയറിൽ തന്നെ ഒരു ബാറ്റ്‌സ്മാൻ നേടുന്ന ഏറ്റവുമുയർന്ന സ്‌കോറാണ് ഇത്.