ജിദ്ദ- ഇന്ത്യ കണ്ട എക്കാലത്തേയും ധീരനായ സെക്യുലറിസ്റ്റാണ് ലാലു പ്രസാദ് യാദവെന്ന് രാജ്യത്തെ മുസ്‌ലിം പ്രശ്‌നങ്ങൾ പഠിക്കാൻ രവീന്ദ്ര സച്ചാറിന്റെ നേതൃത്വത്തിൽ ഡോ. മൻമോഹൻസിംഗ് രൂപീകരിച്ച കമ്മീഷന്റെ പിറകിൽ പ്രവർത്തിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. മുഹമ്മദ് മൻസൂർ ആലം അഭിപ്രായപ്പെട്ടു.
ബിഹാർ ഒരിക്കലും വർഗീയവാദികൾക്ക് വേരോട്ടം നൽകാത്ത ഭൂമിയാണെന്നും അതിനാൽ ഇന്ത്യൻ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ലാലു പ്രസാദിനെപ്പോലെയുള്ള നേതാക്കളുടെ കരങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് മെഷീൻ തിരിമറി നടന്നില്ലെങ്കിൽ ബിഹാറിൽ ബി.ജെ.പി വിരുദ്ധതരംഗമായിരിക്കുമെന്നും മോഡിയുടെ ഗിമ്മിക്കുകൾ ഉത്തരേന്ത്യയിൽ ഇനി വിലപ്പോകില്ലെന്നും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ (ഐ.ഒ.എസ്) മേധാവി കൂടിയായ അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു. ഡൽഹി ജന്യുവിൻ പബ്ലിക്കേഷൻസ് ഉടമയായ മകൻ ഇബ്രാഹിം ആലമിനോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു മുഹമ്മദ് മൻസൂർ ആലം.
സൗദി ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് അബാ അൽഖൈലിന്റെ സാമ്പത്തികോപദേഷ്ടാവ് എന്ന നിലയിൽ ഒമ്പത് വർഷം റിയാദിൽ സേവനമനുഷ്ഠിച്ചിരുന്ന ബിഹാറിലെ മധുബനി ജില്ലക്കാരനായ ഡോ. മൻസൂർ ആലം റിയാദ് ഇമാം ബിൻ മുഹമ്മദ് യൂനിവേഴ്‌സിറ്റി അധ്യാപകനായും മദീന ഖുർആൻ പ്രിന്റിംഗ് കോംപ്ലക്‌സിൽ പരിഭാഷകനായും ജോലി ചെയ്തിരുന്നു. 1977 ൽ റിയാദിലെത്തിയ ഇദ്ദേഹം അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് ഗവേഷണബിരുദം നേടിയ ശേഷം ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ രചിക്കുകയും അന്താരാഷ്ട്ര വേദികളിൽ പ്രബന്ധമവതരിപ്പിക്കുകയും ചെയ്തു.
ഭരണഘടനാ വിദഗ്ധൻ കൂടിയായ മൻസൂർ ആലം, പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവരുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നു. ഐ.ഒ.എസ് സാരഥികളിലൊരാൾ കൂടിയായ ഹാമിദ് അൻസാരി സൗദിയിലെ ഇന്ത്യൻ അംബാസഡറായ കാലം തൊട്ടേ അടുപ്പമുള്ള മൻസൂർ ആലമിന്റെ കോൺഫറൻസുകളുടെ ചുക്കാൻ പിടിക്കുന്നതും ഹാമിദ് അൻസാരിയാണ്. ഈയിടെ രജതജൂബിലിയാഘോഷിച്ച ഐ.ഒ.എസ് ഇതിനകം 14 അന്താരാഷ്ട്ര സമ്മേളനങ്ങളും 1200 ദേശീയ കോൺഫറൻസുകളും സംഘടിപ്പിക്കുകയും ഇന്ത്യൻ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് സജീവ ചർച്ച നടത്തുകയും ചെയ്തു. ഐ.ഡി.ബി പ്രസിഡന്റ് ഡോ. അഹമ്മദ് മുഹമ്മദലി, മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, രവീന്ദ്ര സച്ചാർ, വിവിധ വൈസ് ചാൻസലർമാർ, ഭരണഘടനാ വിദ്ഗധർ തുടങ്ങിയവരൊക്കെ പങ്കെടുത്ത വിവിധ സമ്മേളനങ്ങൾ ഐ.ഒ.എസിന്റെ സ്വീകാര്യത വ്യക്തമാക്കിയതായും മൻസൂർ ആലം പറഞ്ഞു. കേരളത്തിൽ നിരവധി തവണ വന്നിട്ടുണ്ട്. കേരളീയ മുസ്‌ലിംകളുടേയും മറ്റ് ന്യൂനപക്ഷ -ദളിത് വിഭാഗങ്ങളുടേയും പുരോഗതി ഇന്ത്യക്കാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.