തിരുവനന്തപുരം- ശാരീരിക അസ്വസ്ഥതതോന്നിയ കുട്ടിയ്ക്ക് നൂല് ജപിച്ച് കെട്ടിരോഗം മാറ്റാന്‍ ശ്രമം. ഒടുവില്‍ പേ വിഷബാധയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. വെഞ്ഞാറമൂടില്‍ എട്ടുവയസ്സുകാരന്‍ മരിച്ചത് പേവിഷ ബാധയേറ്റെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരിച്ചു. വെമ്പായം തലയല്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി അഭിഷേക് ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മരിച്ചത്. രണ്ടുദിവസം മുന്‍പ് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയിരുന്നു.
ശരീരത്തില്‍ മുറിവുകള്‍ ഇല്ലാത്തതിനാല്‍ മാതാപിതാക്കള്‍ അത് കാര്യമായി എടുത്തില്ല. തുടര്‍ന്ന് കുട്ടിയുടെ ദേഹത്ത് നൂല് ജപിച്ചുകെട്ടി. പുലര്‍ച്ചെയോടെ കുട്ടി പ്രകാശം കണ്ട് ഭയക്കുകയും തുറിച്ചുനോക്കുകയും ചെയ്തുതുടങ്ങി.
തുടര്‍ന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പനിക്കുള്ള മരുന്നു നല്‍കി തിരിച്ചയച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിക്ക് തീരെ വയ്യാതായി. രാത്രി കന്യാകുളങ്ങര സിഎച്ച്‌സിയില്‍ കുട്ടിയെ എത്തിച്ചു. രോഗലക്ഷണങ്ങള്‍ കണ്ട ഡോക്ടര്‍ കുട്ടിക്ക് പേ വിഷബാധയേറ്റെന്നു സംശയിക്കുന്നുവെന്നും എസ്എടി ആശുപത്രിയില്‍ കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുട്ടിയെ തിരികെ വീട്ടില്‍ എത്തിക്കുകയും പുലര്‍ച്ചെ മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീടാണ് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
ഒരു മാസം മുന്‍പ് അഭിഷേകിന്റെ വീട്ടിലെ പട്ടി തനിയെ ചത്തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം അയല്‍വക്കത്തെ പട്ടിയെ പേവിഷബാധയേറ്റതിനെത്തുടര്‍ന്ന് തല്ലിക്കൊന്നെന്നും പ്രദേശവാസികള്‍ പറയുന്നു