Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍

കണക്കു തെറ്റിച്ച കപ്പ്... എല്ലാ പ്രവചനങ്ങളും കീഴ്‌മേൽ മറിച്ച് പാക്കിസ്ഥാൻ കിരീടം നേടിയപ്പോൾ.

ബേമിംഗ്ഹാം - പാക്കിസ്ഥാൻ ക്രിക്കറ്റിന് ഇത് അക്ഷരാർഥത്തിൽ പെരുന്നാളാഘോഷം. എട്ടാമത്തെയും അവസാനത്തെയും സ്ഥാനം കഷ്ടിച്ച് സ്വന്തമാക്കി ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുകയും ആദ്യ കളിയിൽ ബദ്ധവൈരികളായ ഇന്ത്യയോട് ദയനീയമായി തോൽക്കുകയും ചെയ്ത അവർ, ഏവരും ചാമ്പ്യന്മാരായി മുദ്ര കുത്തിയ ഇന്ത്യയെ ഫൈനലിൽ എട്ടു നിലയിൽ പറത്തി. പ്രവചനാതീതമാണ് പാക്കിസ്ഥാൻ ടീം എന്നു പറയാം, ടൂർണമെന്റുകളിൽ പതിയെ തുടങ്ങി കത്തിക്കയറുന്നതാണ് അവരുടെ രീതിയെന്നും അറിയാം. പക്ഷേ ഈ ജയം ഒന്നൊന്നര ജയമായി. കണക്കുകൂട്ടലുകളുടെയും വിലയിരുത്തലുകളുടെയും കണക്കു തെറ്റിക്കുക മാത്രമല്ല അവർ ചെയ്തത്, അതിന്റെ മുഖത്ത് ആഞ്ഞുവലിഞ്ഞു കാർക്കിച്ചു തുപ്പുകയാണ്. ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഫൈനലിൽ ബാറ്റിംഗ് ആഘോഷമാക്കുമെന്നാണ് ഏവരും കവടി നിരത്തിയത്. നാലാമത്തെ മാത്രം ഏകദിനം കളിക്കുന്ന, ഇന്ത്യക്കെതിരെ ആദ്യം പാഡു കെട്ടുന്ന ഫഖർ സമാൻ എന്ന ഓപണറാണ് പക്ഷേ ക്രീസിൽ കവിത രചിച്ചത്. ഈ പതിറ്റാണ്ടിലെ ഏറ്റവും പിരിമുറുക്കം നിറഞ്ഞതെന്നു വിശേഷിപ്പിക്കപ്പെട്ട ഫൈനലിൽ ഫഖർ 106 പന്തിൽ 114 റൺസടിച്ചു. അവിടുന്നങ്ങോട്ട് പാക്കിസ്ഥാന്റെ ദിനമായി ഇത്. നാലിന് 338 റൺസാണ് പാക്കിസ്ഥാൻ അടിച്ചു കൂട്ടിയത്. ബൗളിംഗിന് വന്നപ്പോൾ മുഹമ്മദ് ആമിർ തന്റെ ആദ്യ നാലോവറിൽ ഇന്ത്യയുടെ കാറ്റഴിച്ചുവിട്ടു. ഉന്നത നിലവാരമുള്ള പെയ്‌സ്ബൗളിംഗിലൂടെ ടൂർണമെന്റിലെ തന്നെ മികച്ച ബാറ്റ്‌സ്മാന്മാരായ രോഹിത് ശർമയെയും (0) ശിഖർ ധവാനെയും (21) വിരാട് കോഹ്‌ലിയെയും (5) ആമിർ പറഞ്ഞുവിട്ടു. അവിടുന്നങ്ങോട്ട് ഇന്ത്യയുടെ തോൽവി സമയത്തിന്റെ മാത്രം പ്രശ്‌നമായി. പതിനാലാം ഓവറിൽ അഞ്ചിന് 54 ൽ ഇന്ത്യക്ക് മുട്ടിടിച്ചു. 30.3 ഓവറിൽ 158 ന് ഇന്ത്യ ഓളൗട്ട്. ചാമ്പ്യന്മാർക്ക് 180 റൺസിന്റെ എണ്ണം പറഞ്ഞ തോൽവി. 
ഫൈനലിന്റെ കഥയറിയാൻ രണ്ടു സംഭവങ്ങൾ മാത്രം മതി. മൂന്നാം ഓവറിൽ ആമിറിന്റെ ബൗളിംഗിൽ കോഹ്‌ലിയെ അസ്ഹർഅലി കൈവിട്ടു. അടുത്ത പന്തിൽ ആമിർ ഇന്ത്യൻ നായകനെ പുറത്താക്കി. പാക്കിസ്ഥാന്റെ 128 റൺസ് ഓപണിംഗ് കൂട്ടുകെട്ട് പൊളിയാൻ ഒരു റണ്ണൗട്ട് വേണ്ടിവന്നു. ഇന്ത്യയോട് ഉദ്ഘാടന മത്സരത്തിൽ 124 റൺസിന് നാണം കെട്ട പാക്കിസ്ഥാൻ ടീമാണ് ഇതെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. അത്രക്ക് ആധികാരികമായിരുന്നു പാക്കിസ്ഥാന്റെ പ്രകടനം. 
നാലാം ഓവറിൽ ഫഖർ സമാനെ മഹേന്ദ്ര ധോണി പിടിച്ച പന്തിൽ ജസ്പ്രീത് ബുംറ വര കടന്നതോടെ ഇന്ത്യക്ക് എല്ലം പിഴച്ചു. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് കിട്ടേണ്ടതായിരുന്നു. അവിടുന്നങ്ങോട്ട് അലങ്കോലമായിരുന്നു എല്ലാം. 13 വൈഡുകളും മൂന്ന് നോബോളുമെറിഞ്ഞു ഇന്ത്യ. 
ആമിറിന്റെ ഈ ബൗളിംഗിനു മുന്നിൽ അധികം ബാറ്റ്‌സ്മാന്മാർക്കൊന്നും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ പരിചയ സമ്പന്നരായ യുവരാജ് സിംഗും (31 പന്തിൽ 22) ധോണിയും (16 പന്തിൽ 4) കീഴടങ്ങിയ രീതി നിരാശപ്പെടുത്തുന്നതായി. ആറ് സിക്‌സറോടെ ഹാർദിക് പാണ്ഡ്യ 43 പന്തിൽ നേടിയ 76 റൺസില്ലായിരുന്നുവെങ്കിൽ തോൽവിയുടെ ആഘാതം ഇതിനേക്കാൾ കനത്തതായേനേ. ഫോമിലല്ലാത്ത രവീന്ദ്ര ജദേജ തന്റെ വിക്കറ്റ് ത്യാഗം ചെയ്യാൻ സമ്മതിക്കാത്തതിനാൽ ഹാർദിക് റണ്ണൗട്ടായതോടെ ഇന്ത്യയുടെ ദുരന്തം പൂർത്തിയായി. മുഹമ്മദ് ഹഫീസിന്റെ സ്റ്റമ്പിൽ പന്ത് തട്ടിയിട്ടും ബെയ്ൽസ് തെറിക്കാതിരുന്നതു കൂടി പരിഗണിക്കുമ്പോൾ ഇത് പാക്കിസ്ഥാന്റെ മാത്രം ദിനമായിരുന്നു. 
പതിനെട്ടുകാരൻ സ്പിന്നർ ശാദബ് ഖാന്റെ ആത്മധൈര്യവും ഫൈനലിൽ ശ്രദ്ധേയമായി. യുവരാജിനെതിരായ അപ്പീൽ അമ്പയർ നിഷേധിച്ചപ്പോൾ റിവ്യൂ അപ്പീലിന് നിർബന്ധം പിടിച്ചത് ഷാദബായിരുന്നു. ഷാദബിന്റെ നിലപാട് ശരിയായി. ഹാർദികും ജദേജയും (26 പന്തിൽ 15) തമ്മിലുള്ള 80 റൺസ് കൂട്ടുകെട്ടിൽ മാത്രമാണ് ഇന്ത്യ കളിയിലുണ്ടായിരുന്നത്. ഹാർദിക് റണ്ണൗട്ടായ ശേഷം വാലറ്റത്തെ ഹസൻഅലി തുടച്ചുനീക്കി. മുൻനിരയിൽ ആമിറിന് 16 റൺസിന് മൂന്നു വിക്കറ്റ്, വാലറ്റത്ത് ഹസൻഅലിക്ക് 19 റൺസിന് മൂന്നു വിക്കറ്റ്. 
പാക്കിസ്ഥാന്റെ ഒരു ബാറ്റ്‌സ്മാനെ മാത്രമാണ് 45 നു താഴെ ഇന്ത്യക്കു പുറത്താക്കാനായത്. നോബോളിന്റെ ഷോക്കിൽനിന്ന് കരകയറാതിരുന്ന ബുംറ ആദ്യ മൂന്നോവറിൽ വഴങ്ങിയത് 24 റൺസായിരുന്നു. ആർ. അശ്വിനെ ഓപണർമാർ നിലത്തുനിർത്തിയില്ല. തന്റെ പിഴവിൽ അസ്ഹർഅലി (71 പന്തിൽ 59) റണ്ണൗട്ടായതിന്റെ രോഷം ഫഖർ തീർത്തത് ജദേജയോടാണ്, ഇരുപത്താറാം ഓവറിൽ 15 റൺസൊഴുകി. 73 പന്തിൽ 56 ലെത്തിയ ഫഖർ അവിടുന്നങ്ങോട്ട് 19 പന്തിൽ സെഞ്ചുറി തികച്ചു. മുപ്പത്തിനാലാം ഓവറിൽ ഫഖർ പുറത്താവുമ്പോൾ സ്‌കോർ രണ്ടിന് 200. ആഘോഷം അവിടെ അവസാനിക്കില്ലെന്ന് ബാബർ അഅ്‌സം (46) ഉറപ്പാക്കി. മുഹമ്മദ് ഹഫീസും (37 പന്തിൽ 57 നോട്ടൗട്ട്) ഇമാദ് വസീമും (21 പന്തിൽ 25 നോട്ടൗട്ട്) അവസാന 45 പന്തിൽ 71 റൺസ് വാരി. ഹഫീസ് മൂന്നു സിക്‌സർ പറത്തി. ഭുവനേശ്വർകുമാറും ഹാർദിക്കുമൊഴികെ ബൗളർമാർക്കെല്ലാം കണക്കിനു കിട്ടി. 

 

സ്‌കോർ ബോർഡ്‌

പാക്കിസ്ഥാൻ
അസ്ഹർഅലി റണ്ണൗട്ട് (ധോണി/ബുംറ) 59 (71, 6-1, 4-6), ഫഖർ സി ജദേജ ബി ഹാർദിക് 114 (106, 6-3, 4-12), ബാബർ അസം സി യുവരാജ് ബി കേദാർ 46 (52, 4-4), മാലിക് സി കേദാർ ബി ഭുവനേശ്വർ 12 (16, 6-1), ഹഫീസ് നോട്ടൗട്ട് 57 (37, 6-3, 4-4), ഇമാദ് നോട്ടൗട്ട് 25 (21, 6-1, 4-1)
എക്‌സ്ട്രാസ് - 25
ആകെ (നാലിന്) - 338
വിക്കറ്റ് വീഴ്ച: 1-128, 2-200, 3-247, 4-267
ബൗളിംഗ്: ഭുവനേശ്വർ 10-2-44-1, ബുംറ 9-0-68-0, അശ്വിൻ 10-0-70-0, ഹാർദിക് 10-0-53-1, ജദേജ 8-0-67-0, കേദാർ 3-0-27-1
ഇന്ത്യ
രോഹിത് എൽ.ബി ആമിർ 0 (3), ശിഖർ സി സർഫറാസ് ബി ആമിർ 21 (22, 4-4), കോഹ്‌ലി സി ശാദബ് ബി ആമിർ 5 (9), യുവരാജ് എൽ.ബി ശാദബ് 22 (31, 4-4), ധോണി സി ഇമാദ് ബി ഹസൻഅലി 4 (16), കേദാർ സി സർഫറാസ് ബി ശാദബ് 9 (13, 4-2), ഹാർദിക് റണ്ണൗട്ട് (ഹഫീസ്/ഹസൻഅലി) 76 (43, 6-6, 4-4), ജദേജ സി ബാബർ ബി ജുനൈദ് 15 (26), അശ്വിൻ സി സർഫറാസ് ബി ഹസൻഅലി 1 (3), ഭുവനേശ്വർ നോട്ടൗട്ട് 1 (8), ബുംറ സി സർഫറാസ് ബി ഹസൻഅലി 1 (9)
എക്‌സ്ട്രാസ് - 3
ആകെ (30.3 ഓവറിൽ) - 158
വിക്കറ്റ് വീഴ്ച: 1-0, 2-6, 3-33, 4-54, 5-54, 6-72, 7-152, 8-156, 9-156
ബൗളിംഗ്: ആമിർ 6-2-16-3, ജുനൈദ് 6-1-20-1, ഹഫീസ് 1-0-13-0, ഹസൻഅലി 6.3-1-19-3, ശാദബ് 0.3-0-3-0, ഫഖർ 3.3-0-25-0
 

Latest News