Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എടയാറിൽ ആറ് കോടിയുടെ സ്വർണക്കവർച്ച; അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച്

കൊച്ചി- ആലുവ എടയാറിലെ സ്വർണ്ണ കവർച്ച അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ചെന്ന് സൂചന. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്വർണ്ണ ശുദ്ധീകരണ ശാലയിലേക്ക് കാറിൽ കൊണ്ടുവരുകയായിരുന്ന 25 കിലോ സ്വർണ്ണമാണ് വ്യാഴാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കമ്പനി പരിസരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം കാർതടഞ്ഞു നിർത്തി ചില്ലുതകർത്ത ശേഷം കുരുമുളക് സ്‌പ്രേ ചെയ്ത് കവർച്ച ചെയ്ത് കടന്നുകളഞ്ഞത്. കാറിലുണ്ടായിരുന്ന ജീവനക്കാരായ സജി, നോയൽ, ജസ്റ്റിൻ, പീറ്റർ എന്നീ നാലു പേർക്കും കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല എന്നതും ബൈക്കിലെത്തിയ രണ്ടു പേരെ നേരിടാൻ നാലു പേരും തയ്യാറായില്ല എന്നതും സംശയത്തിന് ഇടനൽകുന്നു. കമ്പനിയുടെ പ്രവർത്തനത്തെ കുറിച്ച് അറിയാവുന്ന ഈ പ്രദേശത്തെ ആരുടെയെങ്കിലും സഹായം ഇവർക്ക് കിട്ടിയോ എന്നും പോലീസിന് സംശയമുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ മൊബൈൽ ഫോണിലേക്ക് സ്വർണവുമായി പോന്ന ശേഷവും അതിന് മുമ്പും വന്ന കോളുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചു വരുന്നു. 
കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയിരിക്കുന്നതെന്നാണ് പോലിസ് കരുതുന്നത്. എറണാകുളത്തുനിന്നും എടയാറിലെ സ്വർണ ശുദ്ധീകരണ സ്ഥാപനത്തിലേക്ക് സ്വർണം എത്തിക്കുന്നുവെന്നത് സംബന്ധിച്ച് കവർച്ചക്കാർക്ക് മുൻകൂട്ടി അറിവു ലഭിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ഒന്നുകിൽ സ്വർണം കൊടുത്തുവിട്ട ജ്വല്ലറിയിൽ നിന്നോ അതല്ലെങ്കിൽ എടയാറിലെ സ്വർണശുദ്ധീകരണ സ്ഥാപനത്തിൽ നിന്നോ ഇതു സംബന്ധിച്ച വിവരം കവർച്ചക്കാർക്ക് ലഭിച്ചുവെന്നു തന്നെയാണ് പോലീസിന്റെ നിഗമനം. 
25 വർഷമായി വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ കുറിച്ച് പോലീസിനുപോലും അറിവില്ലായിരുന്നു. മൂന്ന് ഷിഫ്റ്റു കളിലായി ഇരുപതോളം പേർ ജോലിചെയ്യുന്ന ഇവിടെ പുറത്തു നിന്നും ആർക്കും പ്രവേശനമില്ല. മലിനീകരണ നിയന്ത്രണ ബോർഡോ, പഞ്ചായത്തോ ഇത്തരത്തിൽ ഒരു കമ്പനി പ്രവർത്തിക്കുന്നതായി അറിഞ്ഞിട്ടില്ല. മലരുപോലുള്ള സ്വർണ്ണങ്ങൾ കൊണ്ടുവന്ന് ശുദ്ധീകരിച്ച് തങ്കക്കട്ടികളാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിലാണെന്നും എത്രയും പെട്ടന്ന് പ്രതികളെ കണ്ടെത്തുമെന്നും റൂറൽ എസ്.പി. രാഹുൽ ആർ. നായർ വ്യക്തമാക്കി.


 

Latest News