പട്ടാമ്പി- തൃത്താലയിൽ നിന്നും കാറിൽ കടത്താൻ ശ്രമിച്ച 88 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. സംഭവത്തിൽ പട്ടാമ്പി സ്വദേശി ധനഞ്ജയൻ (24) പോലീസ് പിടിയിലായി. മാരുതി എർട്ടിഗ കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കുഴൽപണം.
തൃത്താല ഞാങ്ങാട്ടിരിയിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച 88 ലക്ഷത്തി എഴുപതിനായിരം രൂപയുടെ കുഴൽ പണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് തൃത്താല എസ്.ഐ. ഐ.സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. പട്ടാമ്പി ഭാഗത്തുനിന്നും കൂറ്റനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഞങ്ങാട്ടിരി ഭഗത്തു വെച്ച് പോലീസ് തടയുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡാഷ്‌ബോർഡിൽ അടുത്തുള്ള രഹസ്യ അറയിൽ ഒളിപ്പിച്ച പണം കണ്ടെത്തുകയുമായിരുന്നു. 2000, 500, 200 എന്നീ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ധനഞ്ജയനെ കോടതിയിൽ ഹാജരാക്കി.