ജിദ്ദ: മതസൗഹാര്‍ദത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയുടേതെന്ന് സി.ഒ.ടി അസീസ് (മലയാളം ന്യൂസ്) അഭിപ്രായപ്പെട്ടു. സമുദായത്തിലെ ഛിദ്ര വാസനകള്‍ക്കെതിരെ തലമുറകളെ ബോധവല്‍ക്കരിച്ചതിനൊപ്പം വിവിധ വിഭാഗങ്ങളുടെ സൗഹാര്‍ദ പൂര്‍ണമായ സഹവര്‍തിത്വത്തിന് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് മികച്ച വഴികാട്ടിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
മുസ്‌ലിം ലീഗിന്റെ പ്രസിദ്ധീകരണത്തിലൂടെ സാമൂഹ്യ മണ്ഡലത്തില്‍ നിറഞ്ഞു നിന്നപ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹാര്‍ദം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജിദ്ദ കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഷറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.പി കുഞ്ഞിമൂസ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലീഗിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ പലരുടേയും സീനിയറായ കുഞ്ഞിമൂസയുടെ അടുത്ത സുഹൃത്തുക്കളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും മറ്റും. ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദമെടുത്ത കുഞ്ഞിമൂസയ്ക്ക് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ജോലി ലഭിച്ചിരുന്നു. സി.എച്ചിന്റെ പ്രേരണയാല്‍ അദ്ദേഹം ചന്ദ്രികയിലെ ജോലി തുടരുകയായിരുന്നു. പാര്‍ട്ടിയ്ക്ക് അധികാരം ലഭിച്ച വേളകളില്‍ നേതാക്കളെ സ്വാധീനിച്ച് കാര്യം നേടാന്‍ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. ചന്ദ്രിക വാരികയുടെ ചുമതലക്കാരനായിരുന്നപ്പോഴും പിന്നീട് മൈത്രി എന്ന പേരില്‍ സ്വന്തം പ്രസിദ്ധീകരണ ശാല തുടങ്ങിയപ്പോഴും പുതിയ പ്രതിഭകളെ കണ്ടെത്തി കുഞ്ഞിമൂസ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ഉമര്‍ അരിപ്പാമ്പ്ര അധ്യക്ഷതവഹിച്ചു. ജില്ലാ ചെയര്‍മാന്‍ എസ് എല്‍ പി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു, പരിശുദ്ധ റമദാനില്‍ നടത്തുന്ന കിഡ്‌നി ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ഒ കെ സാഹിബ് സ്മാരക ഹരിത സ്വാന്തനം ഫണ്ട് ശേഖരണം ഹുസൈന്‍ ഇരിക്കൂറിന് നല്‍കി യുസുഫ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ സി എച് സെന്റര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് എം സി എ കാദറിന് നല്‍കി അബ്ദുറഹ്മാന്‍ വായാട് ഉദ്ഘാടനം ചെയ്തു. ഇ അഹമദ് സ്മാരക സിമെന്റ് പദ്ധതിയില്‍ അനുവദിച്ച സിമെന്റ് കൂപ്പണ്‍ ജംഷീര്‍ മയ്യിലിന് ട്രഷറര്‍ റഫീഖ് സിറ്റി നല്‍കി. റസാഖ് വള്ളിത്തോട്, റസാഖ് ഇരിക്കൂര്‍, സകരിയ ആറളം, മുനീര്‍ കമ്പില്‍, സാദിക്ക് എസ് പി, ജബ്ബാര്‍ മാതമംഗലം സെയ്ദ് മങ്കടവ്, ഹൈദര്‍ പുളിങ്ങോം, എന്നിവര്‍ സംസാരിച്ചു. സിറാജ് കണ്ണവം സ്വാഗതവും കരീം സി പി നന്ദിയും പറഞ്ഞു