മക്ക - ഈ വർഷത്തെ ഹജിന് ബലികർമം നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ അടക്കേണ്ട തുക 490 റിയാലായി നിശ്ചയിച്ചു.
ആടിനെ ബലിയറുക്കുന്നതിനുള്ള കൂപ്പൺ നിരക്കാണിത്. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയുടെ വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയും ബലികൂപ്പണുകൾ വാങ്ങുന്നതിന് സാധിക്കുമെന്ന് പദ്ധതി സൂപ്പർവൈസർ ജനറൽ റഹീമി ബിൻ അഹ്മദ് റഹീമി പറഞ്ഞു.
ബലി കൂപ്പൺ വിതരണത്തിന് നിരവധി ഏജൻസികളുമായും സ്ഥാപനങ്ങളുമായും കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. സൗദി പോസ്റ്റ്, സൗദി ടെലികോം കമ്പനി, അൽറാജ്ഹി ബാങ്ക്, പിൽഗ്രിംസ് ഗിഫ്റ്റ് സൊസൈറ്റി, നമാ ചാരിറ്റബിൾ സൊസൈറ്റി എന്നിവ വഴി ബലി കൂപ്പണുകൾ വിപണനം ചെയ്യും.
ഇ-ട്രാക്ക് വഴിയും തീർഥാടകർക്ക് ബലി കൂപ്പണുകൾ വാങ്ങുന്നതിന് കഴിയും. വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കും സമീപങ്ങളിലും പുണ്യസ്ഥലങ്ങളിലുമുള്ള ഔട്ട്‌ലെറ്റുകൾ വഴിയും ബലി കൂപ്പണുകൾ ലഭിക്കുമെന്ന് റഹീമി ബിൻ അഹ്മദ് റഹീമി പറഞ്ഞു.