Sorry, you need to enable JavaScript to visit this website.

പുതിയ ഹജ് പാക്കേജായി

മക്ക- ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള പാക്കേജുകൾ ഹജ്, ഉംറ മന്ത്രാലയം പുനഃസംഘടിപ്പിച്ചു. പാക്കേജുകളിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും പാക്കേജുകളുടെ പേരുകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ജനറൽ പാക്കേജ് വിഭാഗത്തിന്റെ പേര് അൽ ദിയാഫ പാക്കേജ് എന്നാക്കി മാറ്റി. കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അൽമുയസ്സർ പാക്കേജിന്റെയും പേരുകൾ ഇക്കോണമി-1, ഇക്കോണമി-2 എന്നാക്കി മാറ്റിയിട്ടുണ്ട്. 
മുഴുവൻ തമ്പുകളിലെയും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന മറ്റു സ്ഥലങ്ങളിലെയും സൈൻ ബോർഡുകളുടെ രൂപകൽപന ഏകീകരിക്കുന്നതിന് തീരുമാനിച്ചു. ഹജ് സർവീസ് കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഏകീകൃത മാതൃകയിലുള്ള യൂനിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന തൊഴിലാളികൾക്കും ഇതേപോലെ ഏകീകൃത മോഡലിലുള്ള യൂനിഫോം ബാധകമാക്കും. ഓരോ പാക്കേജുകളും നടപ്പാക്കുന്ന സർവീസ് കമ്പനികളുടെ സൈൻ ബോർഡുകൾക്ക് ഏകീകൃത നിറം നൽകും. സൈൻ ബോർഡുകൾക്കും യൂനിഫോമുകൾക്കുമുള്ള നിറങ്ങളും മോഡലുകളും തെരഞ്ഞെടുക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതിയുമായി ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ആഭ്യന്തര ഹജ് വിഭാഗം കൂടിയാലോചനകൾ നടത്തിവരികയാണ്. അന്തിമമായി അംഗീകരിക്കുന്ന നിറങ്ങളും മോഡലുകളും വൈകാതെ സർവീസ് കമ്പനികളെ അറിയിക്കും. 
സേവന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഹജ് സർവീസ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം വിലയിരുത്തി വെയ്‌റ്റേജ് പോയിന്റ് നൽകുന്ന രീതിയിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഹജ് തീർഥാടകർക്കൊപ്പമുള്ള ചെറിയ കുട്ടികൾക്ക് ക്രഷെ, നഴ്‌സറി സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങൾക്ക് മൂല്യനിർണയത്തിൽ രണ്ടു പോയിന്റ് വെയ്‌റ്റേജ് നൽകും. ഹജ് ദിവസങ്ങളിൽ ചെറിയ കുട്ടികളെ മക്കയിലെ ക്രഷെകളുടെയും നഴ്‌സറികളുടെയും പരിചരണത്തിലാക്കുന്നതിന് സർവീസ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണിത്. ഓരോ വർഷത്തെയും പ്രവർത്തന നിലവാരം മൂല്യനിർണയം നടത്തി നൽകുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത വർഷം മിനായിൽ തമ്പുകൾ അനുവദിക്കുന്നതിലും മറ്റു സേവനങ്ങൾ നൽകുന്നതിലും സർവീസ് കമ്പനികൾക്ക് മന്ത്രാലയം മുൻഗണന അനുവദിക്കുന്നുണ്ട്. 
അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം ഹജ് നിർവഹിക്കുന്നതിന് അവസരം നൽകുന്ന വ്യവസ്ഥയിൽ നിന്ന് പ്രത്യേക ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. ഹജ് രജിസ്‌ട്രേഷനുള്ള ഇ-ട്രാക്ക് വഴി സമർപ്പിക്കുന്ന ഇത്തരത്തിൽ പെട്ട ചില അപേക്ഷകളിൽ ഉടനടി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഹജ് തസ്‌രീഹ് സിസ്റ്റത്തിൽ നിന്ന് മറുപടി ലഭിക്കും. ഇ-ട്രാക്ക് വഴി സ്വീകരിക്കുന്നതിന് കഴിയാത്ത ചില അപേക്ഷകളിൽ ഉടമകൾ ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് സമീപിച്ച് ഹജ് ആവർത്തിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നൽകുകയാണ് വേണ്ടത്. സൗദികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെയും വിദേശികൾ ജവാസാത്തിനെയുമാണ് സമീപിക്കേണ്ടത്. ഹജ് ആവർത്തിക്കുന്നതിന് ഈ വകുപ്പുകൾ അനുമതി നൽകിയാലുടൻ ഇ-ട്രാക്ക് വഴി ഹജ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് അപേക്ഷകർക്ക് സാധിക്കും.
 

Latest News