തേഞ്ഞിപ്പലം- പ്ലസ്.ടു പരീക്ഷയിൽ രണ്ട വിഷയത്തിൽ തോറ്റതിന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി ആശുപത്രിയിൽ മരിച്ചു. പള്ളിക്കൽ പരുത്തിക്കോട് താമസിക്കുന്ന അരക്കഞ്ചോല കുപ്പാടൻ സരോജിനിയുടെ മകൾ ശ്രീതു (17) ആണ് മരിച്ചത്. പ്ലസ്.ടു പരീക്ഷയിൽ രണ്ട്് വിഷയത്തിൽ പരാജയപ്പെട്ടതിന്റെ വിഷമത്തിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. വീട്ടിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീകൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവ സമയം വീട്ടിൽ ചെറിയ രണ്ട് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. റോഡരികിലുള്ള വീടിനരികെ പെൺകുട്ടിയെ കത്തുന്ന നിലയിൽ കണ്ട പ്രദേശവാസികൾ ഓടിയെത്തി വെള്ളെം ഒഴിച്ച് തീയണച്ചെങ്കിലും ശരീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. കോഹിനൂർ പ്രൊഫസേഴ്‌സ് കോളേജിലാണ് വിദ്യാർഥിനി പഠിക്കുന്നത്. പരീക്ഷയിൽ രണ്ട് വിഷയത്തിലേറ്റ പരാജയമാണ് മരണ കാരണമെന്ന് വിദ്യാർഥിനി ആശുപത്രിയിൽ മജിട്രേറ്റിന് മൊഴി നൽകുകയായിരുന്നു. അമ്മയുടെ സംരക്ഷണത്തിലായിരുന്നു കുട്ടിയുടെ പഠനം. പിതാവ് രാമനാട്ടുര വൈദ്യരങ്ങാടി സ്വദേശി മേലേതൊടി ഉണ്ണികൃഷ്ണൻ രാമനാട്ടുകരയിലെ ഓട്ടോ ഡ്രൈവറാണ്. ഇയാൾ രാമനാട്ടുകരയിലാണ് താമസം. ഏക സഹേദരൻ ശ്രീനാഥ് പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.