Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാടകം ജീവിതമാക്കിയ ശാന്തൻ

ശാന്തകുമാർ
ശാന്തകുമാർ
ശാന്തകുമാർ

നാടക പ്രവർത്തകനായ എ.ശാന്തകുമാർ സുഹൃത്തുക്കൾക്കും നാടക പ്രവർത്തകർക്കും 'ശാന്തനാ'ണ്. എന്നാൽ തനിക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്‌നങ്ങളിൽ ഉഴലുന്ന അശാന്തമായ മനസ്സുമായാണ് ഈ നാടക രചയിതാവിന്റെ സഞ്ചാരം. സാമൂഹികമായ വിഷയങ്ങളെ തന്റെ മാധ്യമമായ നാടകത്തിലേക്ക് ആവാഹിച്ച് നാടകവും ജീവിതവും ഇഴചേർത്ത് കൊണ്ടുപോവുകയാണ് ഈ നാടകപ്രേമി.


ശാന്തകുമാറിന്റെ നാടകം എന്നു കേൾക്കുമ്പോൾ നാടകപ്രേമികൾക്ക് ഒരു പ്രതീക്ഷയുണ്ട്. എന്തെങ്കിലും കഴമ്പുണ്ടാകുമെന്ന്. ആ വിശ്വാസത്തിന് ഇളക്കം തട്ടാതെ ശാന്തൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.
രണ്ടു പതിറ്റാണ്ടിലേറെയായുള്ള ഈ നാടക യാത്രയിൽ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനിടയിലെപ്പോഴോ ജീവിതം അദ്ദേഹത്തിന് പരീക്ഷണ വസ്തുവായി. കാൻസർ കോശങ്ങൾ തന്റെ ശരീരത്തെ പിടികൂടിയെന്ന തിരിച്ചറിവായിരുന്നു അത്. എങ്കിലും ആ മനസ്സ് തളർന്നില്ല. അർബുദത്തിന്റെ പേരിൽ ജീവിതം പാഴാക്കാൻ അദ്ദേഹം തയാറല്ലായിരുന്നു.
എട്ടുമാസം മുൻപായിരുന്നു ശാന്തനിൽ അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ചികിത്സയുമായി വീട്ടിലും ആശുപത്രിയിലുമായി കഴിഞ്ഞ നാളുകൾ. അതേപ്പറ്റി അദ്ദേഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചിട്ടു: ''കാൻസർ വാർഡിൽ കിടന്നാൽ നമുക്ക് മനസ്സിലാവും. കാൻസർ അത്രവലിയ രോഗമല്ല, അതൊരു അവസ്ഥ മാത്രമാണെന്ന്. പനിയും ഛർദ്ദിയും വേദനയും തളർച്ചയും മയക്കവും മറ്റേത് രോഗത്തിലേതു പോലെ ഇതിലുമുണ്ട്. പിന്നെ മയങ്ങുമ്പോൾ കാണുന്ന കിനാവുകളിൽ നാടകീയതയേറെയാണ്...''


''മെഡിക്കൽ കോളേജിലെ ഹേമറ്റോളജി വാർഡിൽ മരുന്നിന്റെ മനംമടുപ്പിക്കുന്ന ഗന്ധത്തിനിടയിലും ജാലകത്തിലൂടെ ആകാശം നോക്കി കിടക്കാൻ രസമാണ്. മരുന്നിന്റെ മയക്കത്തിനിടയിൽ സ്വപ്നങ്ങളിലൂടെ പലരും വിരുന്നു വന്നു. ജന്മം നൽകിയ അമ്മയും നാടകത്തിലേക്ക് കൈപ്പിടിച്ചു നടത്തിയ ഏട്ടനുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ചിരിച്ചും കലഹിച്ചും കൂടെ നടന്ന് മൺമറഞ്ഞ സുഹൃത്തുക്കളിൽ പലരും തന്റെ അരികിലേക്ക് വരുന്നതായി തോന്നി. അപ്പോഴും മനസ്സിന് വെറുതെയിരിക്കാനായില്ല. മരുന്നുകൾ ശരീരത്തെ തളർത്തുമ്പോഴും മനസ്സ് അരങ്ങിലേക്കു തന്നെ കുതിച്ചുകൊണ്ടിരുന്നു. ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും ആ മനസ്സ് മുഴുവൻ നാടകമായിരുന്നു. ചികിത്സയുടെ വനവാസത്തിൽ ആരണ്യകാണ്ഡവും യുദ്ധകാണ്ഡവും കടന്ന് നാടക രാജ്യത്തിലേക്കു മടങ്ങിവരണമെന്ന തീവ്രാഭിലാഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടു. മരണംവരെ നാടകക്കാരനായി ജീവിക്കണമെന്നാഗ്രഹിച്ച ശാന്തന് ഒരു ദുഃഖമേയുണ്ടായിരുന്നുള്ളൂ. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. ഇതിനിടയിൽ കാലിടറി വീണാൽ അരങ്ങിലെ സ്വപ്നങ്ങൾ കരിയും. അതു പാടില്ല. അദ്ദേഹം നാടകം കിനാവ് കണ്ടു. ആ മനസ്സിലെ മോഹം മനസ്സിലാക്കിയ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രയത്‌നിച്ചു. അതിനായി കമ്മിറ്റി രൂപീകരിച്ചു. അവർ ശാന്തന്റെ നാടകങ്ങൾ സ്വരൂപിച്ച് 'വീടുകൾക്കെന്തു പേരിടും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. നാടക പ്രവർത്തകരും നാടകത്തെ പ്രണയിക്കുന്നവരും ശാന്തന്റെ നാടകം അവതരിപ്പിച്ചവരുമെല്ലാം അദ്ദേഹത്തിന് കരുത്ത് പകർന്നു. മഞ്ചാടിക്കുരു എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് രൂപം നൽകി. ജീവിതത്തോടു ചേർന്നുനിൽക്കുന്ന ആറോളം നാടകങ്ങൾ ചേർത്താണ് വീടുകൾക്കെന്തു പേരിടും എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. മഞ്ചാടിക്കുരു എന്ന ഗ്രൂപ്പായിരുന്നു പ്രസാധകർ. നല്ല പ്രതികരണമായിരുന്നു പുസ്തകത്തിന് ലഭിച്ചത്.
ആശുപത്രിയിൽ നിന്നും വീട്ടിലെത്തി ചികിത്സ തുടർന്ന നാളുകൾ. വീടിന്റെ അകത്തളങ്ങളിൽ തളച്ചിടപ്പെടാൻ ശാന്തനായില്ല. കാരണം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവമാണ് വരുന്നത്. വർഷങ്ങളായി തന്റെ നാടകങ്ങളാണ് കലോത്സവ വേദിയിൽ ഒന്നാമതെത്തുന്നത്. പ്രൊവിഡൻസ് കോളേജ് ടീം പതിവുപോലെ ശാന്തനെ തേടിയെത്തി. രോഗശയ്യയിലായതിനാൽ എഴുതാനാവുമോ എന്ന് അവർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ശാന്തൻ എഴുതാമെന്നേറ്റു. നാടകരചനയെ മറുമരുന്നാക്കി ശാന്തൻ എഴുതിത്തുടങ്ങി. ഒരു ഏകാധിപതിയുടെ ജീവിതം ഇതിവൃത്തമാക്കിയ 'ഒരു ജിബ്രീഷ് കിനാവുകൾ' എന്ന നാടകത്തിന്റെ പിറവിയങ്ങനെയായിരുന്നു. പതിവു തെറ്റിയില്ല. ഇത്തവണയും ബി സോൺ കലോത്സവത്തിൽ ശാന്തന്റെ നാടകം തന്നെ ഒന്നാമതെത്തി. നാടകത്തിനു പുറമെ 'കടൽ കണ്ടപ്പോൾ' എന്നൊരു കഥയും എഴുതി.


നാടക രചനക്കും സംവിധാനത്തിനുമുള്ള ഈ വർഷത്തെ സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തിനും ശാന്തൻ അർഹനായി. ''ഇത്തവണത്തെ അവാർഡിന് എന്തുകൊണ്ടും മധുരമേറെയാണ്. 1999 ൽ പെരുംകൊല്ലൻ എന്ന നാടകത്തിന് അക്കാദമി അവാർഡ് ലഭിച്ചിരുന്നെങ്കിലും രോഗത്തിന്റെ വേദനക്കിടയിൽ ലഭിച്ച ഈ അംഗീകാരം ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരുന്നതാണ് ഈ അവാർഡ്.'' -ശാന്തൻ കൂട്ടിച്ചേർത്തു.
രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ചെങ്കിലും മരുന്നുകൾ ഇപ്പോഴും കൂട്ടിനുണ്ട്. അത് മുടക്കമില്ലാതെ കുറേ നാൾ സേവിക്കണം. എങ്കിലും സായാഹ്നങ്ങളിൽ ലളിതകലാ അക്കാദമിയിലും ടൗൺഹാൾ പരിസരത്തും സൗഹൃദങ്ങൾക്ക് നടുവിൽ ശാന്തനെത്തുന്നു. കാരണം ഈ സൗഹൃദങ്ങളാണ് ജീവിതം തിരിച്ചു കൊണ്ടുവന്നത്.
ഉപജീവനത്തിനും അതിജീവനത്തിനുമുള്ള ഉപാധിയായാണ് ശാന്തൻ നാടകങ്ങളെ കണ്ടു തുടങ്ങിയത്. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കേ 'കുപ്പയിലെ മുത്ത്' എന്ന നാടകം എഴുതിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഗവൺമെന്റ് ആർട്‌സ് കോളേജിൽനിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടിയ ശാന്തൻ പാരലൽ കോളേജ് അധ്യാപകനായി. നാടകരംഗത്ത് സജീവമായപ്പോൾ അധ്യാപന ജോലി ഉപേക്ഷിക്കുകയായിരുന്നു.
ബാങ്ക് മെൻസ് ക്ലബ് നടത്തിയ അഖില കേരള നാടക മത്സരമാണ് ശാന്തനെ അരങ്ങിന് പ്രിയങ്കരനാക്കിയത്. മലയാളിയുടെ സദാചാര ബോധത്തെ കളിയാക്കിയെഴുതിയ 'സുഖനിദ്രയിലേക്ക്' എന്ന നാടകം കോലാഹലങ്ങളുയർത്തിയെങ്കിലും പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമാവുകയായിരുന്നു. ആയുധമുണ്ടാക്കുന്നവനാണ് യഥാർഥ കൊലയാളിയെന്ന് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ആസ്പദമാക്കി എഴുതിയ 'പെരുംകൊല്ലൻ' മികച്ച നാടകത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡിന് ശാന്തനെ അർഹനാക്കി. മകനെപ്പോലെ സ്‌നേഹിച്ച അരവിന്ദനെ രാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലേണ്ടി വന്ന ഒരു കൊല്ലന്റെ കഥയായിരുന്നു പ്രമേയം. ആഗോളവൽക്കരണം സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആസ്പദമാക്കി രചിച്ച 'എന്റെ പുള്ളിപ്പയ്യ് കരയ്യാണ്', വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ സരോജിനിയുടെ കഥ പറഞ്ഞ 'ഏകാകിനി' എന്നിവയും ശാന്തന്റെ ശ്രദ്ധേയ നാടകങ്ങളാണ്.
പെണ്ണ് പിഴയ്ക്കുന്നതിന്റെ കാരണക്കാരൻ ആണാണെന്ന് അടിവരയിടുന്ന 'ഒറ്റരാത്രിയുടെ കാമുകി', ഇടങ്കാലൻ ഫുട്ബാളറായിരുന്ന ആണ്ടിയേട്ടന്റെ കഥ പറഞ്ഞ 'ചരിത്രസന്ധിയിൽ ആണ്ടിയേട്ടൻ', ശക്തിയുടെ നിറകുടമായ സ്ത്രീയാണ് ഏറ്റവും വലിയ ഫാക്ടറിയെന്ന് വെളിപ്പെടുത്തുന്ന 'ഫാക്ടറി', ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി ഒരു ദിവസം ഒരു നുണയെങ്കിലും പറയാതെ മലയാളിക്ക് ജീവിക്കാനാവില്ലെന്നു സമർഥിക്കുന്ന 'ഒരു ദേശം നുണ പറയുന്നു' തുടങ്ങി ഒട്ടേറെ നാടകങ്ങൾ ശാന്തന്റെ തൂലികയിൽ നിന്നും രൂപംകൊണ്ടവയാണ്.
രണ്ടു പതിറ്റാണ്ടിലേറെയായുള്ള നാടക പ്രവർത്തനത്തിനിടയിൽ എഴുപതോളം നാടകങ്ങൾ ശാന്തന്റെ തൂലികയിൽനിന്നും പിറവികൊണ്ടു. രണ്ടു തവണ കേരള സംഗീത നാടക അക്കാദമി അവാർഡും രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാർഡും ശാന്തനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ തോപ്പിൽ ഭാസി അവാർഡ്, ബാലൻ കെ.നായർ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, അറ്റ്‌ലസ് കൈരളി അവാർഡ്, പി.എം.താജ് അവാർഡ്, മാഹി നാടകപ്പുര അവാർഡ്, പവനൻ പുരസ്‌കാരം തുടങ്ങി സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഒട്ടേറെ അംഗീകാരങ്ങൾ ഈ നാടകകൃത്തിനെ തേടിയെത്തിയിട്ടുണ്ട്.


നാടകമെന്നത് ഉപജീവനം മാത്രമല്ല, അതിജീവനം കൂടിയാണെന്ന് ശാന്തൻ പറയുന്നു. കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി നാടകരചനയും സംവിധാനവുമായി കുടുംബ ജീവിതം നയിക്കുന്നു. ജീവിതത്തിൽ സമ്പാദ്യവും ആഡംബരവുമൊന്നുമില്ലെങ്കിലും തട്ടിയും മുട്ടിയും ജീവിച്ചു പോകാൻ ഈ നാടകപ്രവർത്തനം മതിയെന്ന ചിന്താഗതിയാണ് ഈ കലാകാരനുള്ളത്.
സമൂഹത്തിൽ നിത്യേനയുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നാടകത്തിന് വിഷയമാക്കുന്നത്. ദിവസവും പുതിയ പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവയെ കണ്ണു തുറന്നു നോക്കിയാൽ മതി. സമൂഹത്തിന്റെ വേദന ഉൾക്കൊണ്ട് അത് നാടകത്തിലേക്ക് ആവാഹിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നാടകത്തിന് വിഷയദാരിദ്ര്യം ഉണ്ടാവാറില്ല.
കുടുംബത്തിൽ നിന്നുള്ള പിന്തുണയാണ് നാടക രംഗത്തെ നിലനിൽപിന് ശക്തി പകരുന്നത്. ഭാര്യ ഷൈനിയും പ്ലസ് ടു കാരിയായ മകൾ നീലാഞ്ജനയും നല്ല സഹകരണമാണ് നൽകുന്നത്. സർഗശേഷി ഇല്ലാതായി, നാടകം എഴുതാനും സംവിധാനം ചെയ്യാനും കഴിയാതെ വരുമ്പോൾ വീടിനടുത്ത് ഒരു മുറുക്കാൻ കട എന്ന സ്വപ്നവും ശാന്തൻ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.

 

Latest News