മദീന- മഹ്ദുദ്ദഹബ് ജനറല്‍ ആശുപത്രിയില്‍ പന്നിപ്പനി ബാധിച്ച് വനിത മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ആലി അറിയിച്ചു. പന്നിപ്പനി ബാധിച്ച എട്ടു പേരെ മഹ്ദുദ്ദഹബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ ഒരു സ്ത്രീയാണ് മരിച്ചത്. പരിശോധനയില്‍ ഇവര്‍ക്ക് എച്ച് 1 എന്‍ 1 (പന്നിപ്പനി) ആണ് ബാധിച്ചതെന്ന് വ്യക്തമായി.
മഹ്ദുദ്ദഹബില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ ദൂരെ അല്‍മസ്‌റഅ് ഗ്രാമത്തില്‍ പന്നിപ്പനി കേസുകള്‍ സ്ഥിരീകരിച്ചതായി കഴിഞ്ഞയാഴ്ച ആരോഗ്യ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ആരോഗ്യ മന്ത്രാലയ സംഘങ്ങള്‍ ഗ്രാമത്തിലെത്തി രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും രോഗം ബാധിച്ചവരുമായി ഇടപഴകിയവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുകയും ചെയ്തു. ഗ്രാമവാസികളില്‍ അവശേഷിക്കുന്നവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു