Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ധനസ്ഥിതി മെച്ചപ്പെട്ടു; ഇനി സുന്തുലിത ബജറ്റ് ലക്ഷ്യം

ജിദ്ദ- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം സൗദി അറേബ്യയുടെ ആദ്യപാദ ബജറ്റ് റിപ്പോര്‍ട്ട് വിലയിരുത്തി. പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയതുവഴി രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. മിച്ചവും കമ്മിയുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുമായി രാജ്യം മുന്നോട്ടുപോകും. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ഫിച്ചും മൂഡീസും സൗദി അറേബ്യക്ക് നല്‍കിയ മികച്ച റേറ്റിംഗ് സൗദി സമ്പദ്‌വ്യവസ്ഥയിലും ധനസന്തുലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലസിദ്ധിയിലുമുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികള്‍ക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്.
ദേശീയ വികസന നിധി നിയമത്തില്‍ മന്ത്രിസഭ ഭേദഗതി വരുത്തി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി ശുപാര്‍ശ പരിഗണിച്ചാണ് ദേശീയ വികസന നിധി നിയമത്തില്‍ മന്ത്രിസഭ ഭേദഗതികള്‍ വരുത്തിയത്. റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ അധികാരം നീതിന്യായ മന്ത്രാലയത്തില്‍നിന്നും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയത്തില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയിലേക്ക് മാറ്റി.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഘടനയും ഓര്‍ഗനൈസേഷന്‍ മാന്വലും മന്ത്രിസഭ അംഗീകരിച്ചു. ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്ര നിയമത്തിലും മന്ത്രിസഭ ഭേദഗതി വരുത്തി. ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്രം ഡയറക്ടര്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും സാമ്പത്തിക, വികസന സമിതി സമര്‍പ്പിച്ച ശുപാര്‍ശയും പരിശോധിച്ചാണ് ദേശീയ സ്വകാര്യവല്‍ക്കരണ കേന്ദ്ര നിയമ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മീഡിയ മന്ത്രി തുര്‍ക്കി അല്‍ശബാന അറിയിച്ചു.

 

 

Latest News