തിരുവനന്തപുരം- സംസ്ഥാനത്തെ പോലീസ് സേനയിൽ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പോസ്റ്റൽ ബാലറ്റ് അട്ടിമറിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ലഭ്യമാക്കിയ ശേഷം സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. പോസ്റ്റൽ ബാലറ്റ് തിരിച്ചുവാങ്ങുന്നതിൽ അട്ടിമറി സംഭവിച്ചുവെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ട് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചു. പോലീസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകണമെന്നും ഡി.ജി.പിക്ക് നിർദ്ദേശം നൽകി. പോലീസ് അസോസിയേഷനും സർവ്വീസ് യൂണിയനുകളും പോസ്റ്റൽബാലറ്റ് പിടിച്ചെടുക്കുന്ന വാർത്തയെ തുടർന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്.
പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അടക്കം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഡി.ജി.പിയോട് നിർദ്ദേശിച്ചിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് നൽകാൻ വാട്‌സാപ്പിലൂടെ ആവശ്യപ്പെട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കും. ഈ നിയമപ്രകാരം രണ്ട് വർഷം തടവും പിഴയും അടയ്ക്കണം. പോസ്റ്റൽ ബാലറ്റ് ബണ്ടിലായി ഓരേവിലാസത്തിൽ അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തണം.
പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പോലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംസ്ഥാന ഇന്റലിജന്റ് മേധാവി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയത്. അന്വേഷണത്തിൽ ക്രമക്കേടുകൾ നടക്കുന്നില്ല എന്നാണ് ഡി.ജി.പി ആദ്യം റിപ്പോർട്ട് നൽകിയത്. പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷന് നൽകണമെന്ന ശബ്ദ സന്ദേശവും പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ അനുഭാവിയുടെ വീട്ടിലെത്തിയതും തുടർന്നുള്ള ദിവസങ്ങളിൽ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് ഡി.ജി.പി ഇന്റലിജന്റ് അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് ഇന്റഡിജന്റ്‌സ് മേധാവി നടത്തിയ അന്വേഷണത്തിൽ പോസ്റ്റൽ ബാലറ്റുകൾ അട്ടിമറിക്കുന്ന വിവരം സ്ഥിരീകരിക്കുകയായിരുന്നു.