കോഴിക്കോട്- നിപാ വൈറസ് ബാധയിൽ പുതിയ വെളിപ്പെടുത്തൽ. ആദ്യ നിപാ ബാധയേറ്റ സാബിത്ത് വാഹനമിടിച്ച് പരിക്കേറ്റ വവ്വാലിനെ എടുത്തുമാറ്റിയതായി സൂപ്പിക്കട സ്വദേശി മൂസ വെളിപ്പെടുത്തി. ഇക്കാര്യം സാബിത്ത് തന്നോട് പറഞ്ഞുവെന്നും ഇതിന് ആഴ്ച്ചകൾക്ക് ശേഷമാണ് സാബിത്ത് മരിച്ചതെന്നും മൂസ പറഞ്ഞു. വവ്വാലിൽനിന്നാണ് നിപാ വൈറസ് ബാധയേറ്റതെന്ന് ആരോഗ്യവകുപ്പ് നിഗമനത്തിൽ എത്തിയിരുന്നെങ്കിലും ഇക്കാര്യം വ്യക്തമായിരുന്നില്ല.
2018 മെയിലാണ് കേരളത്തിൽ നിപാ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥിരീകരിച്ചത്. നാദാപുരം ചെങ്ങരോത്ത് നിന്നായിരുന്നു ഉത്ഭവം. മെയ് അഞ്ചിനാണ് സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് മരിച്ചത്. രണ്ടാഴ്ച്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. സാലിഹിനെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപാ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടാവൻ ഇടയായത്. തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്ക് അയച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്.