ദമാം- കരിപ്പൂർ എയർപോർട്ട് യൂസേഴ്‌സ് ഫോറം നാട്ടിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രവാസി മീറ്റ് 2017ന്റെ ആദ്യ രജിസ്‌ട്രേഷൻ മുഹമ്മദ് നജാത്തിക്ക് നൽകി ബദർ മെഡിക്കൽ ഗ്രൂപ്പ് എം.ഡി അഹമ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് അഞ്ചിന് കരിപ്പൂർ ഹജ് ഹൗസും പരിസരത്തുമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നേരത്തെ 101 അംഗങ്ങൾ അടങ്ങിയ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിരുന്നു.
ഹജ് ഹൗസും അതിനു പുറത്തുമുള്ള വിവിധ വേദികളിൽ അരങ്ങേറുന്ന വ്യത്യസ്ത സെഷനുകളിലായാണ് പരിപാടികൾ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി കരിപ്പൂർ വിമാനത്താവളത്തോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെയുള്ള പ്രതിഷേധം കൂടിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ സെഷനുകളിലായി സെമിനാറുകൾ, സംസ്‌ക്കാരിക സമ്മേളനം, കലാവിരുന്ന് തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ പ്രവാസികൾ ഉപയോഗിക്കുന്ന വിമാനത്താവളത്തെ പൂർവസ്ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള ഫോറത്തിന്റെ സമര പരിപാടികളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഇത്രയും വിപുലമായ ഒരു പ്രവാസി കുടുംബ സംഗമം മലബാറിൽ ആദ്യമായിരിക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. ഫോറം ഭാരവാഹികളായ ടി.പി.എം. ഫസൽ, ആലിക്കുട്ടി ഒളവട്ടൂർ, നജീബ് എരഞ്ഞിക്കൽ, ഹബീബ് ഏലംകുളം, നാസർ അണ്ടോണ, സി. അബ്ദുൽ റസാഖ്, റഫീഖ് കൂട്ടിലങ്ങാടി, ജാഫർ കൊണ്ടോട്ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.