Sorry, you need to enable JavaScript to visit this website.

എ പ്ലസ് കിട്ടാത്ത അച്ഛൻമാർ

നമ്മുടെ ജന്മം എന്നത് ഒരു വലിയ ലോട്ടറി ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഏത് രാജ്യത്ത് ഏത് കാലത്ത് ഏതു മതത്തിൽ ജാതിയിൽ വർണ്ണത്തിൽ സാമ്പത്തികസ്ഥിതിയിൽ ആരുടെ മക്കളായി ആണായിട്ടാണോ പെണ്ണായിട്ടാണോ നമ്മൾ ജനിക്കുക എന്നത് നമ്മൾ ഒന്നും സ്വയം തിരഞ്ഞെടുത്ത കാര്യമല്ല. പക്ഷെ നമ്മുടെ ജീവിതത്തിലെ സാധ്യതകളെ ഏറെ നിശ്ചയിക്കുന്നത് നമുക്ക് ഒരു പങ്കുമില്ലാത്ത ഈ സാധ്യതയാണ്.

ഉദാഹരണത്തിന് ഒരേ ദിവസം ഫിൻലണ്ടിലും സോമാലിയയിലും പിറന്നു വീഴുന്ന കുട്ടികളുടെ കാര്യം എടുക്കുക. ഫിൻലണ്ടിലെ കുട്ടിക്ക് ജീവിതത്തിൽ കിട്ടുന്ന സാധ്യതകൾ അല്ല സോമാലിയലിലെ കുട്ടിക്ക് കിട്ടുന്നത്. ആദ്യത്തെ അഞ്ചു വയസ്സ് കടന്നു കിട്ടുന്നത്, ഒന്ന് സ്‌കൂളിൽ പോകാൻ അവസരം ഉണ്ടാകുന്നത്, ഒരു ജോലികിട്ടുന്നത് ഒരു കടൽക്കൊള്ളക്കാരൻ ആയി ജീവിക്കേണ്ടി വരാത്തത് എന്നതൊക്കെ സോമാലിയയിലെ കുട്ടിക്ക് വെല്ലുവിളി ആണ്.

രണ്ടു രാജ്യങ്ങൾ വേണ്ട, കേരളത്തിൽ തന്നെ അടുത്തടുത്ത വീട്ടിൽ ജനിക്കുന്ന കുട്ടികൾക്ക് ഏറെ വ്യത്യസ്തമായ സാധ്യതകളും സാഹചര്യങ്ങളും ആണ്. അതുകൊണ്ടാണ് കരിയറിനെ പറ്റിയുള്ള എൻ്റെ സീരീസിൽ ഞാൻ പറഞ്ഞത് കരിയർ എന്നത് ഞാനും വേറൊരാളും തമ്മിൽ ഉള്ള മത്സരമല്ല, മറിച്ച് നമുക്ക് കിട്ടുന്ന അവസരങ്ങൾ ഉപയോഗിച്ച് നാം എത്ര മുന്നോട്ടു പോകുന്നു എന്നതാണ്. അടുത്തയാളുടെ തുടക്കം വേറൊന്നാണ്, അവരും നമ്മളും തമ്മിൽ മത്സരം ഇല്ല.

ഈ ലോട്ടറിയിലെ ഏറ്റവും പ്രധാനം നമ്മുടെ മാതാപിതാക്കൾ തന്നെയാണ്. ഏതൊരു ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും കുട്ടികളെ വളർത്തി വലുതാക്കി ലോകത്തിലേക്ക് വിഹരിക്കാൻ വിടുന്ന മാതാപിതാക്കൾ ഉണ്ട്. എത്ര സമ്പന്നമായ സാഹചര്യത്തിലും കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് വളരാൻ അനുവദിക്കാത്ത മാതാപിതാക്കളും ഉണ്ട് (കേരളത്തിൽ തന്നെ പെൺകുട്ടികളുടെ കാര്യത്തിൽ ഇത് പ്രത്യേകം കാണാം).

കഴിഞ്ഞ കുറച്ചു നാളുകൾ ആയി ജന്മ ലോട്ടറിയിൽ നഷ്ടം വരുന്ന കുട്ടികളുടെ കഥയാണ് നാം കേൾക്കുന്നത്. അമ്മയാൽ കൊല്ലപ്പെട്ട കുട്ടി, വേറൊരാൾ കൊല്ലുന്നത് തടയാത്ത അമ്മയുള്ള കുട്ടി, ഇന്നിപ്പോൾ പത്താം ക്‌ളാസ്സിൽ മുഴുവൻ എ പ്ലസ് കിട്ടാത്തതിന് മർദ്ദിക്കപ്പെട്ട കുട്ടി. ഇത്ര ക്രൂരമല്ലെങ്കിലും മാതാപിതാക്കളാൽ പീഡിപ്പിക്കപ്പെടുന്ന എത്രയോ കുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ടാകും.

പ്രപഞ്ചത്തിലെ ലോട്ടറിയിൽ അച്ഛനമ്മമാരുടെ കാര്യത്തിൽ എ പ്ലസ് കിട്ടിയ ആളാണ് ഞാൻ. പഠിക്കുന്നത് ഉൾപ്പടെ ഒരു കാര്യത്തിലും ഒരു വര വരച്ചിട്ട് അതിന് മുകളിൽ ചാടാൻ അച്ഛനോ അമ്മയോ പറഞ്ഞിട്ടില്ല. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നതിനാൽ ആ കാര്യത്തിൽ ഒരിക്കലേ അച്ഛന്റെ മുന്നിൽ വിഷമത്തോടെ നിന്നിട്ടുള്ളൂ.

തൊള്ളായിരത്തി എൺപത്തി ഒന്നിൽ പ്രീ ഡിഗ്രി പാസാകുമ്പോൾ എഞ്ചിനീയറിങ്ങിന് എൻട്രൻസ് ഇല്ല. ചേട്ടൻ അപ്പോൾ തന്നെ എഞ്ചിനീറിങ്ങ് കോളേജിൽ ഉണ്ട്, അവിടെ പോകണം എന്നാണ് എന്റെയും ആഗ്രഹം. പത്താം ക്‌ളാസ്സിൽ വമ്പൻ സ്‌കോർ ഒക്കെ കിട്ടിയത് കൊണ്ട് അവിടെ എത്തും എന്നാണ് എല്ലാവരും വിചാരിക്കുന്നതും.

പ്രീ ഡിഗ്രിക്ക് കണക്കും, ഫിസിക്‌സും കെമിസ്ട്രിയും കൂട്ടി ഉള്ള മാർക്ക് വച്ചിട്ടാണ് അന്ന് എഞ്ചിനീറിങ് അഡ്മിഷൻ. എനിക്ക് നാനൂറ്റി എട്ട് മാർക്കുണ്ട് (നാനൂറ്റി അൻപതിൽ). സാധാരണ ഗതിയിൽ മുന്നൂറ്റി എൺപത് മാർക്കുള്ളവർക്കൊക്കെ എഞ്ചിനീയറിങ്ങിന് കിട്ടും. അതുകൊണ്ട് ഞാൻ നല്ല ആത്മ വിശ്വാസത്തിൽ ആണ്.

ആ വർഷം മാർക്കിന് ഇൻഫ്‌ളേഷൻ വന്നതുകൊണ്ടാവാം എഞ്ചിനീയറിങ്ങ് കട്ട് ഓഫ് നാനൂറ്റി പന്ത്രണ്ടാണ്. ആത്മവിശ്വാസം ഉണ്ടായിരുന്നതിനാൽ വേറൊരു കോഴ്സിനും അപേക്ഷിച്ചിട്ടും ഇല്ല. പൊതുവെ പറഞ്ഞാൽ 3G.

സങ്കടം വന്നു. പക്ഷെ ഭാഗ്യത്തിന് അച്ഛൻ വീട്ടിൽ ഉണ്ട്.

"എനിക്ക് അഡ്മിഷൻ ഇല്ല" ഞാൻ പറഞ്ഞു.

അച്ഛൻ രണ്ടാമത് ഒന്ന് ചിന്തിച്ചു കൂടിയില്ല. എത്ര മാർക്കിനാണ് മിസ് ആയത്, കുറച്ചു കൂടി നന്നായി പഠിക്കാമായിരുന്നില്ലേ, കൂട്ടുകാർക്ക് കിട്ടിയോ, ഇതൊന്നും അച്ഛൻ ചോദിച്ചില്ല.

"എൻജിനീയർമാർ മാത്രമല്ലല്ലോ ജീവിക്കുന്നത്" അതായിരുന്നു അച്ഛന്റെ പ്രതികരണം.

"ഇനിയും സെക്കൻഡ് ലിസ്റ്റും തേർഡ് ലിസ്റ്റും ഒക്കെ ഉണ്ട്" ഞാൻ പറഞ്ഞു.

"അത് നന്നായി. നീ പോയി ഒരു സിനിമ ഒക്കെ കണ്ടിട്ട് പോരേ, ഇനി ഇപ്പൊ ഒരു മാസം വേറെ ചിന്തിക്കാനൊന്നും ഇല്ലല്ലോ.".

കഴിഞ്ഞു കാര്യം.

മൂന്നാം ലിസ്റ്റിൽ എഞ്ചിനീയറിങ്ങ് കോളേജിൽ കയറിപ്പറ്റി അവിടെ നിന്നും ഒന്നാമത്തെ റാങ്കും വാങ്ങി പുറത്തു വന്നതാണ് രണ്ടാമന്റെ കഥയുടെ ബാക്കി പത്രം.

പക്ഷെ അങ്ങനെ ഒന്നും ആകാതെ പോകാമായിരുന്നു. റാങ്ക് ലിസ്റ്റിൽ പേര് വരാത്തതിന് അച്ഛന് അടിക്കാം, ദേഷ്യപ്പെടാം, കുറ്റപ്പെടുത്താം, ആത്മവിശ്വാസം നഷ്ടപ്പെടുത്താം, കൂടുതൽ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികൾ ആണെങ്കിൽ അവർ എന്തെങ്കിലും കടുംകൈ ഒക്കെ ചെയ്യാം.

പക്ഷെ എ പ്ലസ് കിട്ടുന്ന മാതാപിതാക്കൾ അങ്ങനെ ഒന്നും ചെയ്യില്ല. മക്കളുടെ മാർക്കല്ല, നന്മയാണ് അവർക്ക് പ്രധാനം. സ്നേഹമാണ് അവരെ നയിക്കുന്നത്. ആഗ്രഹമോ പ്രതീക്ഷയോ അല്ല. അങ്ങനെ ഉള്ള മാതാപിതാക്കളെ കിട്ടാൻ നമുക്ക് ഒരു മാർഗ്ഗവും ഇല്ല. കിട്ടിയാൽ കിട്ടി എന്ന് മാത്രം.

കുട്ടികൾക്ക് എ പ്ലസ് കിട്ടാനല്ല, എ പ്ലസ് കിട്ടുന്ന മാതാപിതാക്കൾ ആകാനാണ് നാം ശ്രമിക്കേണ്ടത്. കുട്ടികൾ അവരുടെ കഴിവിനനുസരിച്ച് പഠിക്കട്ടെ, അതനുസരിച്ചുള്ള മാർക്കുകൾ നേടട്ടെ. അവരുടെ ആത്മവിശ്വാസം കളയരുത്. അങ്ങനെ ചെയ്യുന്നവർ എൻ്റെ നോട്ടത്തിൽ എഫ് കിട്ടുന്ന മാതാപിതാക്കൾ ആണ്.

 

Latest News