ജിദ്ദ- ഏഴ് വർഷം മുമ്പ് നടന്ന റോഡപകടത്തിൽ കേടുപാട് സംഭവിച്ച വാഹനം നന്നാക്കുന്നതിനും മറ്റുമായി തങ്ങൾക്ക് വന്ന ചെലവ് വഹിക്കാൻ ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടുന്നുവെന്ന പരാതിയുമായി സൗദി പൗരൻ രംഗത്ത്.
കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) മുഖേന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് പ്രമുഖ ഇൻഷുറൻസ് കമ്പനി ഭീഷണി മുഴക്കിയിരിക്കുകയാണെന്നും സ്വദേശി പരിഭവിച്ചു.
ഫൈനൽ എക്‌സിറ്റിൽ സൗദി അറേബ്യ വിട്ട ഇന്ത്യൻ വംശജനായ ഹൗസ് ഡ്രൈവർ ഓടിച്ച വാഹനമാണ് അന്ന് അപകടത്തിൽ പെട്ടത്. വാസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് പോലും തനിക്ക് ഓർമയില്ല.
എന്നിട്ടും നിയമ നടപടി സ്വീകരിക്കുമെന്ന് കമ്പനി തുടർച്ചയായി തനിക്ക് മെസേജ് അയക്കുകയാണ്. ഇൻഷുറൻസ് കവറേജ് ലഭിക്കാത്ത കേസായിരുന്നുവെങ്കിൽ അവർ എന്തിന് ഇത്രയും കാലം കാത്തുനിന്നു -ഇദ്ദേഹം രോക്ഷാകുലനായി. അപകടം വരുത്തിവെച്ച ഡ്രൈവർ വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് പോയി. വാണിജ്യ ഇടപാടുകളുടെ രേഖകൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ മാത്രമേ കാലാവധിയുള്ളൂവെന്ന കാര്യം ട്രാഫിക് വിഭാഗത്തിന് അറിയാവുന്നതാണ്. ഡ്രൈവർ ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ചെന്ന് തന്നെ സങ്കൽപിക്കുക, അതിന്റെ പേരിൽ ഉടമയെ ശിക്ഷിക്കുന്നത് ശരിയാണോയെന്നും ഇദ്ദേഹം ചോദിക്കുന്നു.
തന്നെ ഭീഷണിപ്പെടുത്തുന്നതിന് കേന്ദ്ര ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്ത ഇൻഷുറൻസ് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സൗദി പൗരൻ സാമയോട് അഭ്യർഥിച്ചു. നിയമത്തിന്റെ വഴി സ്വീകരിക്കാൻ കമ്പനി തയാറാകണമെന്നും കോടതി വിധി എന്താണോ അത് പൂർണ സംതൃപ്തിയോടെ താൻ അനുസരിക്കുമെന്നും സ്വദേശി പൗരൻ വ്യക്തമാക്കി.
അതേസമയം, വർഷങ്ങളെത്ര പിന്നിട്ടാലും നീതി ഒഴിവാകുകയില്ലെന്ന് പ്രമുഖ അഭിഭാഷകൻ മാജിദ് ബിൻ ഫതൻ അഭിപ്രായപ്പെട്ടു.
അഥവാ, അന്യായക്കാരന് എത്ര കാലത്തിന് ശേഷവും പരാതി നൽകുന്നതിന് അവകാശമുണ്ടായിരിക്കും. ഡ്രൈവർ ആണോ വാഹന ഉടമയാണോ അപകടത്തിന്റെ പിഴ നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിൽ ഇൻഷുറൻസ് പോളിസിയുടെ മേന്മയും നിർണായകമാണെന്നും അഭിഭാഷകൻ പറഞ്ഞു.