പിന്നിൽ സി.പി.എം പ്രവർത്തകർ
കൊല്ലപ്പെട്ടവരുടെ കുഴിമാടം തകർക്കാൻ ശ്രമം
കാസർകോട്- ഇടവേളക്ക് ശേഷം കാസർകോട് പെരിയയിൽ വ്യാപക അക്രമം. കൃപേഷിന്റെ അച്ഛന് വധഭീഷണി. കൊല്ലപ്പെട്ടവരുടെ കുഴിമാടം തകർക്കാൻ ശ്രമം. കല്യോട്ട് വാദ്യകലാ സംഘം ഓഫീസ് കത്തിച്ചു. കോൺഗ്രസ് സ്തൂപം തകർത്തു. പിന്നിൽ സി.പി.എം പ്രവർത്തകർ. ഉന്നത പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പോലീസുകാർ നോക്കിനിൽക്കെയാണ് സി.പി.എമ്മുകാർ അതിക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ അംഗങ്ങളായിരുന്ന കല്യോട്ടെ വാദ്യകലാ സംഘത്തിന്റെ ഓഫീസ് അടിച്ചു തകർക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കല്യോട്ട് സംഘടിപ്പിച്ച സി.പി.എം പ്രതിഷേധ യോഗം കഴിഞ്ഞു തിരിച്ചു പോകുന്നവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നിയന്ത്രണത്തിലുള്ള വാദ്യകലാ സംഘം ഓഫീസ് അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്തത്. വാദ്യകലാ സംഘം കല്യോട്ടുണ്ടാക്കുകയും അതിന്റെ ജീവനായി പ്രവർത്തിച്ചതും കൊല്ലപ്പെട്ട ശരത് ലാലും കൃപേഷുമായിരുന്നു. ഇവരുടെ വാദ്യമേളം കല്യോട്ട് പ്രദേശത്തിന്റെ ഭാഗവും താളവുമായി മാറിയിരുന്നു. ആ സംഘത്തെയാണ് ഇല്ലാതാക്കാൻ ശ്രമിച്ചത്. കല്യോട്ട് ടൗണിൽ തന്നെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകൻ ശശിയുടെ സ്മാരക സ്തൂപം ഒരു സംഘമാളുകൾ അടിച്ചു തകർത്തു. കൊല്ലപ്പെട്ട യുവാക്കളുടെ കുഴിമാടം തകർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു പിന്തിരിപ്പിക്കുകയായിരുന്നു. അതിനിടെ 25 ഓളം വരുന്ന സംഘം കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ വീടിന് സമീപം എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായി. നിന്നെ ജീവിക്കാൻ വിടില്ലെന്നും കൃപേഷിന്റെ ഗതി തന്നെ നിനക്കും ഉണ്ടാകുമെന്ന് വിളിച്ചു പറഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. സംഭവങ്ങൾ സംബന്ധിച്ച് നൽകിയ പരാതികളിൽ ബേക്കൽ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. വാദ്യകലാ സംഘം ഓഫീസ് കത്തിച്ചതിനും സി.പി.എം പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കല്യോട്ടെ ദീപു കൃഷ്ണന്റെ വീടിന് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ ബേക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. പെട്രോൾ ബോംബാണ് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ഡിവൈ.എസ്.പി ടി.എൻ.സജീവൻ എന്നിവർ അക്രമമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.