അൽഹസ - ആയിരത്തിലേറെ ഗൾഫ് വേദികളിൽ പാടി പ്രവാസികളുടെ ഹൃദയം കവർന്ന പാട്ടുകാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അനശ്വര മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ. എന്നും മാപ്പിളപ്പാട്ടിന്റെ വേദികളിൽ യുവാക്കളോടൊപ്പം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പഴയ മാപ്പിളപ്പാട്ടിന്റെ പര്യായം; പാരമ്പര്യത്തിന്റെ വക്താവും സുൽത്താനുമായി എവിടെയും നിറഞ്ഞുനിന്നു.
സൗദിയിലേക്കുള്ള അഞ്ചാമത്തെ യാത്രയിലാണ് എരഞ്ഞോളി മൂസ അൽ ഹസയിലെത്തിയത്. അത് അദ്ദേഹത്തിന്റെ 223 ാമത്തെ ഗൾഫ് യാത്രയായിരുന്നത്. ഏറ്റവും കൂടുതൽ ഗൾഫ് യാത്ര ചെയ്ത ഗായകൻ എന്ന റെക്കോർഡും എരഞ്ഞോളിക്ക് സ്വന്തം.
2010 ജൂണിൽ കെ.എം.സി.സിയുടെ കീഴിലുള്ള ഹരിത കലാവേദിയുടെ നാലാം വാർഷികാഘോഷ പരിപാടിയായ പൂനിലാവിൽ പങ്കെടുക്കാനാണ് എരഞ്ഞോളിയും വിളയിൽ ഫസീലയും ശരീഫ് കണ്ണൂരും ആബിദ് കണ്ണൂരുമൊക്കെ അൽഹസയിലെത്തിയത്. അന്ന് ചില പ്രത്യേക കാരണങ്ങളിൽ ഒരു മണിക്കൂറിനടുത്തു മാത്രമേ ഗാനമേള തുടരാൻ കഴിഞ്ഞുള്ളൂ.
പന്ത്രണ്ടാമത്തെ വയസ്സിൽ പാടിത്തുടങ്ങിയ എരഞ്ഞോളി എഴുപതുകളിലും വേദികളിൽ പ്രായത്തിനതീതമായ സാന്നിധ്യമായിരുന്നു. വീട്ടിലെ ദാരിദ്ര്യം മൂലം സ്‌കൂളിൽ പോകാൻ കഴിയാതെ നേരെ പണിസ്ഥലത്തേക്കു പോയ എരഞ്ഞോളി ഒടുവിൽ തനിമയാർന്ന മാപ്പിളപ്പാട്ടിന്റെ രംഗത്ത് എത്തുകയായിരുന്നു. സംഗീതം ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും ആലാപന മാധുര്യം കൊണ്ട് അദ്ദേഹം കാതുകളെയും ഹൃദയങ്ങളെയും കീഴടക്കി.
ഹസ സന്ദർശന വേളയിൽ മാപ്പിളപ്പാട്ട് നേരിടുന്ന അപചയത്തെക്കുറിച്ച് എരഞ്ഞോളി വാചാലനായിരുന്നു.
'നീലക്കുയിൽ' മുതലാണ് മലയാളത്തിന്റെ പാട്ടു കേട്ടു തുടങ്ങിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 700 വർഷം പാരമ്പര്യമുണ്ടെന്നു അവകാശപ്പെടുന്ന മാപ്പിളപ്പാട്ടിനു ഇപ്പോൾ എന്തിനാണ് മാറ്റം? ചരിത്രപരമായ സംഭവം നിലനിർത്താൻ കഴിയണമെന്നും അദ്ദേഹം വാദിച്ചു.
യുദ്ധത്തിനു പ്രചോദനം, മതപ്രബോധനം തുടങ്ങിയവയ്‌ക്കൊക്കെ മാപ്പിളപ്പാട്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വഭാവത്തിനു മാറ്റം വരുത്താൻ കഴിയണം. ഒരിക്കൽ പള്ളിയും നമസ്‌കാരവുമൊന്നുമില്ലാതിരുന്ന തനിക്കു തന്നെ മാറ്റം വന്നിട്ടുണ്ടെന്നു എരഞ്ഞോളി പറഞ്ഞു.
പ്രേം സൂറത്തിന്റെ 'കെട്ടുകൾ മൂന്നും കെട്ടി'യെന്ന പാട്ട് കേട്ട് പെരുമ്പാവൂർകാരനായ മൂസ എന്നയാളിനുണ്ടായ മാറ്റം എരഞ്ഞോളി ഉദാഹരിച്ചു.
പ്രേമം മാത്രമല്ല മാപ്പിളപ്പാട്ട്. അന്ന് കേരളത്തിലെ ഒരു ചാനലിൽ നടന്നുവന്ന മാപ്പിളപ്പാട്ട് ഷോയെയും എരഞ്ഞോളി വിമർശിച്ചു. ഇത്തരം ഷോകൾ ശ്രദ്ധിച്ചില്ലെങ്കിൽ ചാനലുകൾ മാപ്പിളപ്പാട്ടിന്റെ അന്തകരാകും. കാലത്തിന്നനുസരിച്ചു മാറുമ്പോൾ തനിമ എന്നും നിലനിർത്തണം.
മാപ്പിളപ്പാട്ടിന്റെ ആസ്വാദനവും വളർച്ചയും ഗൾഫിലാണ്. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയത് ഗൾഫിലുള്ളവരാണ്. അവിടെ ദ്വയാർത്ഥ പ്രയോഗം കൊണ്ട് രക്ഷപ്പെടാമെന്ന തെറ്റിദ്ധാരണ ആരൊക്കെയോ ഉണ്ടാക്കിയിട്ടുമുണ്ട്.
'അഷറഫ് മോനേ.. ചായ കുടീ... ബീഡി വലീ.., നീ എന്റേതല്ലേ...' ഇതൊന്നും മാപ്പിളപ്പാട്ടല്ല. ഈ തരംഗമൊക്കെ തകരുമെന്നും എരഞ്ഞോളി സൂചിപ്പിക്കുകയുണ്ടായി. കലാപരവും സാമ്പത്തികവുമായ കാരണങ്ങളാലാണ് യുവഗായകർ അഭിപ്രായങ്ങൾ തുറന്നു പറയാത്തത്. അവസരം നഷ്ടപ്പെടും. അവരുടെ പ്രായം അതാണ്. അന്ന് ഒപ്പമുണ്ടായിരുന്ന യുവഗായകരെ ചൂണ്ടി എരഞ്ഞോളി പറഞ്ഞു.