കോഴിക്കോട് –- സ്വർണക്കള്ളക്കടത്ത് സംഘം യുവാവിനെ തട്ടികൊണ്ടുപോയതായി ബന്ധുക്കളുടെ പരാതി. ദുബായ് പോലീസ് ആസ്ഥാനത്തെ ജീവനക്കാരനും മാറാട് സ്വദേശിയുമായ മുസഫർ അഹമ്മദിനെയാണ് തട്ടികൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രക്കിടെ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തെ തുടർന്ന് കഴിഞ്ഞ മാസാവസാനം മുസഫറിന്റെ ബന്ധുക്കൾ മാറാട് പോലീസിൽ പരാതി നൽകിയിരുന്നു. പരാതി ശ്രദ്ധയിൽപെട്ട സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടികൊണ്ടുപോയതിനു പിന്നിൽ സ്വർണക്കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന് കണ്ടെത്തിയത്. വിദേശത്ത് നിന്ന് ആറുമാസം മുമ്പ് നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്ത് സംഘം സ്വർണം കൊടുത്തുവിട്ടിരുന്നു. മുസഫർ നാട്ടിലെത്തിയാൽ ഇത് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ സ്വർണം മുസഫർ കൈമാറിയില്ല. കൂടാതെ അതിനു ശേഷം മുസഫർ വിദേശത്തേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് വീണ്ടും കഴിഞ്ഞ മാസം 22 ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.
യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് മാറാട് സിഐ ദിലീസിൻറേയും എസ്‌ഐ തോമസ് കെ സെബാസ്റ്റിൻറേയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുസഫർ 24 ന് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമായിരുന്നു അറിയിച്ചത്. അതേസമയം ദുബായിൽ നിന്ന് മുസഫർ കരിപ്പൂർ വിമാനതാവളത്തിലല്ല ഇറങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് മുസഫറിൽ നിന്ന് അറിയാനായതായും പോലീസ് വ്യക്തമാക്കി. കാണാതായെന്ന പരാതി ലഭിച്ചതിനു ശേഷവും മുസഫർ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
മൊബൈൽ ഫോൺ ടവർ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. എന്നാൽ ഇപ്പോൾ ഫോൺ സ്വിച്ച് ഓഫാണ്. മുസഫറിനെ നേടി ആരെങ്കിലും വീട്ടിലെത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. മുസഫറിൻറെ മൊബൈൽഫോൺ സൈബർ സെല്ലിൻറെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ദുബായ് പോലീസിലെ സ്ഥിരം ജീവനക്കാരനാണോ മുസഫർ എന്നതിൽ അവ്യക്തതയുണ്ടെന്നും താത്കാലിക ജീവനക്കാരനായിരിക്കാമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.