തിരുവനന്തപുരം- ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്തി ബി.ജെ.പി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള കേന്ദ്രത്തിന് കത്തയച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും ദേശീയപാത വികസന അതോറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരൻ പിള്ളയുടെ കത്തിൽ പറഞ്ഞിരിക്കുന്നത്. ജനങ്ങൾ ഗതാഗതക്കുരുക്കിൽ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിൽ.
കേരളത്തെ കേന്ദ്രം തഴഞ്ഞിരിക്കുകയാണ്. ദേശീയപാത വികസനമെന്ന അഭിലാഷത്തിന്റെ ചിറകരിയുന്നു. ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ എല്ലാം ചെയ്തു. മുടങ്ങിക്കിടന്ന പാത വികസനത്തിന് മുൻകയ്യെടുത്തത് ഇടതുസർക്കാരാണ്. കത്തയച്ചശേഷം പ്രളയത്തിന്റെ പേരിൽ ശ്രീധരൻപിള്ള അതിനെ ന്യായീകരിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്വം എന്താണെന്നുള്ള പ്രാഥമിക അറിവ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾ നാടിന് തന്നെ ബാധ്യതയായിരിക്കും. ബിജെപി ആ ഗണത്തിൽപ്പെടുന്നുവെന്ന് തെളിയിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
അതേസമയം, ദേശീയപാത വിഷയത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള രംഗത്തെത്തി. സംസ്ഥാന സർക്കാർ വരുത്തിവെച്ച പ്രളയത്താൽ കഷ്ടപ്പെടുന്നവരുടെ ആവശ്യം പരിഗണിച്ച് നിയമപ്രകാരമാണെങ്കിൽ മാത്രം വേണ്ടത് ചെയ്യുക എന്നാണ് താൻ കത്തിൽ പറഞ്ഞത്. താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത് വായിച്ചാൽ ആർക്കും അത് മനസ്സിലാകും. ഇംഗ്ലീഷ് അറിയാത്ത ഒരാൾക്ക് എങ്ങനെ പി.എച്ച്.ഡി കിട്ടി എന്ന് മനസ്സിലാകുന്നില്ല. ക്രൂരരും ജനവിരുദ്ധരുമായി കമ്മ്യൂണിസ്റ്റുകാർ മാറിയതുകൊണ്ടാണ് ഈ കത്ത് ഉപയോഗിച്ച് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. സ്റ്റാലിനിസ്റ്റ് രീതിയാണിത്. കമ്മ്യൂണിസ്റ്റുകാർക്ക് മാനവികത എന്നൊന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചിയിലെ എൻ.എച്ച് 17 സംയുക്ത സമരസമിതി നൽകിയ നിവേദനം തന്റെ കവറിംഗ് ലെറ്ററോടുകൂടി കേന്ദ്രമന്ത്രിക്ക് അയക്കുകയാണ് ചെയ്തത്. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഹാഷിം ചേനാംപിള്ളിക്കും കത്തിന്റെ കോപ്പി അയച്ചിരുന്നു. എടപ്പള്ളി മൂത്തകുന്നം ഭാഗത്ത് പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവരാണെന്നും ഈ ഭാഗത്ത് താൽക്കാലികമായി ഭൂമിയേറ്റെടുക്കൽ നിർത്തിവെക്കണമെന്നുമായിരുന്നു കത്തിൽ സൂചിപ്പിച്ചത്. ജനങ്ങളെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ഈ പ്രദേശത്ത് 1972ൽ ദേശീയപാതയ്ക്ക് വേണ്ടി സ്ഥലം വിട്ടുനൽകിയവർക്ക് ഇതുവരെ പൂർണമായും പണം ലഭിച്ചിട്ടില്ലെന്നും അന്ന് ഏറ്റെടുത്ത ഭൂമിയിൽ ഇപ്പോഴും പണി തുടങ്ങിയിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. ആ പ്രദേശത്താണ് സ്ഥലം ഏറ്റെടുക്കാൻ വീണ്ടും ത്രി എ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതെന്നും ആത്മഹത്യയല്ലാതെ തങ്ങൾക്ക് മറ്റുമാർഗങ്ങൾ ഇല്ലെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്നെ കാണാനെത്തിയ നേതാക്കളിൽ അവിടുത്തെ സി.പി.എമ്മിന്റെ നേതാവുമുണ്ടായിരുന്നു. ന്യായമായ ആവശ്യമായതിനാലാണ് കത്ത് നൽകിയത്. അതിനെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന തരത്തിലുള്ള നേതാക്കളാണ് സി.പി.എമ്മിന്റെ നാശത്തിന് കാരണം.
തന്നെ വർഗശത്രുവായി പ്രഖ്യാപിക്കണമെന്ന അഭിപ്രായം സി.പി.എമ്മിന്റെ അപചയമാണ്. രാഷ്ട്രീയത്തെ ജനസേവനമായി കാണാത്തതാണ് സി.പി.എമ്മിന്റെ പ്രശ്‌നം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് സി.പി.എമ്മിന്റെ പ്രവൃത്തിയെന്നും അഡ്വ. പി.എസ്. ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ സർവ്വകക്ഷി സംഘം സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ വിശദാംശങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. കത്തിലുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി ആരുമായും പങ്കുവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.