കുവൈത്ത് സിറ്റി- കുവൈത്ത് എയര്‍വേയ്‌സിന്റെ സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (34) വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കുവൈത്ത് സിറ്റി രാജ്യാന്തര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു. തിരുവനന്തപുരം കുറ്റിച്ചാല്‍ സ്വദേശിയാണ് ആനന്ദ്. ഭാര്യ സോഫിനയും ഏകമകള്‍ നൈനികയും കൂടെ കുവൈത്തിലുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആനന്ദിന്റെ മൃതദേഹവും കുടുംബത്തേയും തിരുവനന്തപുരത്തെത്തിക്കും.