കോഴിക്കോട്- വയനാട് ചുരത്തിൽവെച്ച് തന്റെ കാർ ഡ്രൈവറോട് തട്ടിക്കയറിയ ലോറി ഡ്രൈവറെ പോലീസിനെക്കൊണ്ട് പിഴയടയ്ക്കാൻ നിർദേശിച്ച് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് പീഡിപ്പിക്കുന്നതായി പരാതി.
കോഴിക്കോട്ട് നിന്നും മൈസൂരിലേക്ക് ലോഡ് കയറ്റി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറും ഉടമയുമായ കോഴിക്കോട് മായനാട് സ്വദേശി വി.എം അഹമ്മദ് അലിയാണ് താമരശ്ശേരി ഡിവൈ.എസ്.പിക്ക് മുന്നിൽ പരാതിയുമായെത്തിയത്. കാരാട്ട് റസാഖ് എം.എൽ.എ ഇടപെട്ട് പോലീസിനെ ഉപയോഗിച്ച് അനാവശ്യമായി വാഹനം തടഞ്ഞു വെച്ചുവെന്ന പരാതിയുമായാണ് ഡ്രൈവർ എത്തിയത്. മണിക്കൂറുകൾ കുരുക്കിൽ പെട്ട ലോറി ഒൻപത് ടൺ ഭാരമുള്ള ഈർച്ചപ്പൊടിയുമായി വൈത്തിരിയിലെത്തിയപ്പോൾ എം.എൽ.എയുടെ നിർദേശാനുസരണം പോലീസ് അടിവാരം എയ്ഡ് പോസ്റ്റിലേക്ക് തിരിച്ചിറക്കി പിടിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഞായറാഴ്ച ഉച്ചക്ക് ശേഷം 3.30 ഓടെ ചുരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ലോറി ചുരം കയറിയത്. രണ്ടാം വളവ് മുതൽ എട്ടാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയുള്ള സമയത്ത് എം.എൽ.എ യുടെ വാഹനം എതിർ ദിശയിൽ നിന്നും വേഗത്തിൽ വരികയും ലോറിക്ക് മുൻപിലെത്തുകയുമായിരുന്നു. തെറ്റായ ട്രാക്കിലൂടെയാണ് എം.എൽ.എയുടെ ഇന്നോവ കാറെത്തിയതെന്ന് അഹമ്മദ് അലി പറഞ്ഞു. എം.എൽ.എയുടെ കാർ എതിർ ദിശയിലൂടെ വന്നതോടെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തു. എതിർ ദിശയിൽ നിന്നും വന്ന എം എൽ എയുടെ വാഹനത്തിലെ ഡ്രൈവറോട് ഈ രീതിയിൽ വാഹനം ഓടിച്ചത് ശരിയായില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവർ തനിക്കെതിരെ തിരിയുകയും ചെയ്തു. എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
ചുരം കയറി വൈത്തിരി എത്തിയപ്പോൾ പോലീസ് സ്റ്റേഷനു മുൻപിൽ വെച്ച് ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂറിന് ശേഷം വാഹനം ലക്കിടിയിലേക്ക് മാറ്റുകയും ചെയ്തു. ലക്കിടിയിൽ നാല് മണിക്കൂർ നേരം പിടിച്ചിട്ട ലോറി താമരശ്ശേരി പോലീസെത്തിയ ശേഷം അടിവാരം എയ്ഡ് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു.
എന്തിനാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോൾ കൊടുവള്ളി എം.എൽ.എ യുടെ നിർദേശമുണ്ടെന്നാണ് പോലീസ് മറുപടി പറഞ്ഞതെന്നും അഹമ്മദ് അലി പറയുന്നു. വാഹനം അടിവാരത്ത് പിടിച്ചിട്ട ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി വാഹനത്തിന്റെ രേഖകൾ വാങ്ങിെവക്കുകയും ചെയ്തു. എന്നാൽ എം.എൽ.എയുടെ നിർദേശമുണ്ടായി എന്നല്ലാതെ ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കാൻ പോലീസ് തയാറായില്ലെന്നും അഹമ്മദ് അലി പറഞ്ഞു.
എം.എൽ.എയുടെ ഡ്രൈവറുടെ നിയമവിരുദ്ധ പ്രവൃത്തി ചോദിച്ചതിൽ ആയിരം രൂപ പിഴ അടച്ചാൽ വാഹനം വിട്ടു നൽകാമെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. എന്നാൽ താൻ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കാൻ പോലീസ് തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 35 വർഷമായി ലോറി ജീവനക്കാരനാണ് അഹമ്മദ് അലി. 10 വർഷമായി സ്ഥിരമായി കർണാടകയിലേക്ക് ഈർച്ചപ്പൊടി കൊണ്ടുപോകുന്ന ജോലി ചെയ്യുകയാണ്. ഇതുവരെ വാഹനം സംബന്ധിച്ചോ അല്ലാതെയോ ഒരു കേസിലും ഉൾപ്പെടാത്ത ആളാണ് താനെന്നും അഹമ്മദ് അലി പറഞ്ഞു. ഹൃദ്രോഗിയായ അഹമ്മദ് അലിയുടെ ഉപജീവന മാർഗമാണ് ലോറി. ഏറെ പ്രയാസപ്പെട്ടാണ് ലോറിയിൽ ജോലി ചെയ്തു വരുന്നത്.
എം.എൽ.എയുടെ ഇടപെടലിലൂടെ പോലീസ് കൈക്കൊണ്ട നടപടിയിലൂടെ വൻതുക നഷ്ടമുണ്ടായെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.