Sorry, you need to enable JavaScript to visit this website.

ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ അഞ്ച് വിഭാഗങ്ങള്‍; കണ്‍ട്രോള്‍ റൂം വഴി സദാനിരീക്ഷണം

മക്കയിൽ വാഹനങ്ങൾ നിയന്ത്രിക്കുന്ന പോലീസുകാർ

മക്ക - വിശുദ്ധ ഹറമിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും തിക്കുംതിരക്കും ഒഴിവാക്കാനും അഞ്ചു സുരക്ഷാ വകുപ്പുകൾ പ്രവർത്തിക്കുന്നു. തെക്കുഭാഗത്തെ മുറ്റത്തിന്റെ ചുമതല പ്രത്യേക ദൗത്യസേനക്ക് ആണ്. അജ്‌യാദ് റോഡ്, രീഅ് ബഖ്ശ്, അജ്‌യാദ് അൽഅസീസീയ, അൽമിസാൽ സ്ട്രീറ്റ്, ഇബ്രാഹിം അൽഖലീൽ സ്ട്രീറ്റ് എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന തെക്കുമുറ്റത്താണ് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്. 


കിഴക്കു ഭാഗത്ത് അലി ഗെയ്റ്റ് മുതൽ അൽഹജൂൻ പാലം വരെയുള്ള ഭാഗത്തിന്റെ നിയന്ത്രണം ഹജ്, ഉംറ സുരക്ഷാ സേനക്കാണ്. പടിഞ്ഞാറു, കിഴക്കു ഭാഗങ്ങളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പൊതുസുരക്ഷാ വകുപ്പ് പരിശീലന വിഭാഗമാണ്. ഹറമിനകത്തും മതാഫിലും മസ്അയിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ചുമതല ഹറം സുരക്ഷാ സേനക്കാണ്. കൺട്രോൾ റൂം വഴി ഹറമിൽ തിരക്ക് കുറഞ്ഞ പ്രദേശങ്ങൾ നിരീക്ഷിച്ച് കണ്ടെത്തി തിരക്കേറിയ ഭാഗങ്ങളിൽനിന്ന് തീർഥാടകരെയും വിശ്വാസികളെയും ഹറം സുരക്ഷാ സേന ആ ഭാഗങ്ങളിലേക്ക് തിരിച്ചുവിടുന്നു. മൂന്നാമത് സൗദി വികസന ഭാഗത്ത് നയതന്ത്ര സുരക്ഷാ സേനയാണ് ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. 


മേജർ ജനറൽ സഈദ് അൽഖർനി കമാണ്ടറായ ഹറം സുരക്ഷാ കമാണ്ടന്റിനു കീഴിലാണ് അഞ്ചു സുരക്ഷാ വകുപ്പുകളും ഹറമിൽ പ്രവർത്തിക്കുന്നത്. ഹറമിന്റെ മുറ്റങ്ങൾ ചതുരാകൃതികളിൽ തിരിച്ചിട്ടുണ്ട്. ഇവക്കിടയിലൂടെ നീളത്തിലും വീതിയിലും വഴികൾ നീക്കിവെച്ചിട്ടുണ്ട്. മതാഫിൽ പ്രവേശിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കു മുന്നിൽ മാർഗതടസ്സം ഇല്ലാതിരിക്കാൻ വഴികളിൽ നമസ്‌കാരം നിർവഹിക്കുന്നത് സുരക്ഷാ സൈനികർ വിലക്കുന്നുണ്ട്. 
 

Latest News