തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം മനസിലാക്കി സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് സംഘടനകള്‍ പണിമുടക്കില്‍ നിന്നും പിന്‍മാറണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാവുകയാണ്. അവശ്യ സര്‍വീസായ ആശുപത്രി മേഖലയില്‍ പണിമുടക്കാരംഭിക്കാനുള്ള തീരുമാനം പൊതുജീവിതത്തെയും രോഗികളെയും വല്ലാതെ ബാധിക്കും. ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രോഗികളുടെ ജീവന്റെ വിലയറിയുന്നവരാണ്. സാഹചര്യങ്ങള്‍ മനസിലാക്കി പണിമുടക്കാഹ്വാനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറും എന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
ജൂണ്‍ 19 മുതല്‍ തൃശൂര്‍ ജില്ലയില്‍ നേഴ്സുമാരുടെ ഒരു വിഭാഗം സംഘടനകള്‍ പണിമുടക്കാരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളോട് പുനര്‍ചിന്തനം നടത്താന്‍ അഭ്യര്‍ഥിച്ചത്.
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കമുള്ള ജീവനക്കാര്‍ വേതന വര്‍ദ്ധനവ് നേടിയെടുക്കാന്‍ സമരരംഗത്താണ്. ജീവനക്കാരുടെ ജീവല്‍ പ്രശ്നങ്ങളില്‍ ന്യായമായ പരിഹാരമുണ്ടാകണമെന്ന അഭിപ്രായമാണ് സംസ്ഥാനസര്‍ക്കാരിനും തൊഴില്‍ വകുപ്പിനുമുള്ളത്. അതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പും സര്‍ക്കാരും സ്വീകരിക്കും.
ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി ഇതിനകം തെളിവെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് മാനേജ്മെന്റ് സംഘടനകളെയും തൊഴിലാളി സംഘടനകളെയും സമവായത്തിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.ഇതിന്റെ ഭാഗമായാണ് ജൂണ്‍ 15ന് മന്ത്രിയുടെ ചേംബറില്‍ തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അനുരഞ്ജനയോഗം വിളിച്ചു ചേര്‍ത്തത്.
ജൂണ്‍ 27 ന് വീണ്ടും ആശുപത്രി വ്യവസായ ബന്ധസമിതി യോഗം ചേരാനും അതിനു മുമ്പ് സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം സമിതിക്ക് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ ധാരണയായിരുന്നു.
27 വരെ സമര പരിപാടികള്‍ നിര്‍ത്തിവയ്ക്കാനുള്ള അഭ്യര്‍ത്ഥനയോട് നഴ്സിംഗ് ജീവനക്കാരുടെ സംഘടനകള്‍ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ ധാരണയില്‍ നിന്നും പിന്തിരിയാന്‍ നഴ്സുമാരുടെ ഒരു വിഭാഗം സംഘടനകള്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്. വേതന പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന വേളയില്‍ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനം സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പണിമുടക്ക് മാറ്റിവയ്ക്കണമെന്ന അഭ്യര്‍ത്ഥന തൊഴിലാളി സംഘടനകള്‍ മാനിക്കാന്‍ തയാറാകണമെന്നും വേതന പരിഷ്‌കരണം സംബന്ധിച്ച പ്രശ്നത്തില്‍ തൊഴിലാളികള്‍ക്കു കൂടി സ്വീകാര്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ മാനേജ്മെന്റുകള്‍ നടപടി സ്വീകരിക്കണമെന്നും തൊഴില്‍ വകുപ്പു മന്ത്രി അഭ്യര്‍ത്ഥിച്ചു.