തലശ്ശേരി- പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ(79) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒരാഴ്ച മുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. കല്യാണവീടുകളിൽ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തിൽ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗൾഫ്‌നാടുകളിൽ ഏറ്റവും കൂടുതൽ സ്‌റ്റേജ്‌ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ സ്ഥാനവും വഹിക്കുന്നു. 1940 മാർച്ച് 18നായിരുന്നു ജനനം. എരഞ്ഞോളിയിൽ വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം 'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. സിനികളിലും പാടിയിട്ടുണ്ട്.