താനൂർ- ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് താനൂരിൽ ആരംഭിച്ച അക്രമങ്ങൾ തുടരുന്നു. ഇന്നലെ താനൂർ അഞ്ചുടിയിൽ സി.പി.എം പ്രവർത്തകനായ യുവാവിന് വെട്ടേറ്റു. അഞ്ചുടി പൗറകത്ത് സലാ(42)മിനാണ് അക്രമത്തിൽ പരിക്കേറ്റത്. വലതു കാലിലെ വിരലിന് വെട്ടേറ്റ സലാം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. മുസ്്‌ലിം ലീഗ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സലാം പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ഇറങ്ങിയ സലാമിനെ അഞ്ചുടി പഞ്ചായത്ത് റോഡ് പരിസരത്തു വെച്ചാണ് ആക്രമിച്ചത്. കൈ കൊണ്ട് തടുക്കാൻ ശ്രമിച്ചതോടെ അക്രമികൾ കാലിൽ അടിച്ചു. വലതു കാലിലെ വിരലുകൾക്ക് ഗുരുതര പരിക്കുണ്ട്. മാർച്ച് നാലിന് ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുൻ സെക്രട്ടറി കെ.പി ഷംസുവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബാസിത്ത് എന്നയാളാണ് അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് സലീം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.