അബഹ- അസീർ ഗവർണർ തുർക്കി ബിൻ തലാൽ രാജകുമാരന്റെ ശുപാർശയിൽ രണ്ട് പേർ വധശിക്ഷയിൽനിന്ന് ഒഴിവായി. ബല്ലസ്മർ മേഖലയിലെ പ്രമുഖരായ ആലു ദമാസ് ഗോത്രത്തിനകത്തെ രണ്ട് കുടുംബങ്ങളിൽ 20 വർഷത്തോളമായി നിലനിന്നിരുന്ന നിരന്തര വൈരത്തിനും വിദ്വേഷത്തിനുമാണ് ഗവർണറുടെ ഇടപെടൽ മുഖേന അന്ത്യമായത്. മർകസ് അസ്ബിലെ ശൈഖ് അബ്ദുല്ല മുശബ്ബിബ് ബിൻ ലാഫിയുടെ വീട്ടിൽ തുർക്കി ബിൻ തലാൽ രാജകുമാരന്റെ സാന്നിധ്യത്തിൽ ഗോത്ര നേതാക്കന്മാരും ഇരു കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് ഘാതകർക്ക് മാപ്പ് നൽകാനുള്ള തീരുമാനമായത്. പരസ്പരം പൊറുക്കുന്നതിന്റെയും വിട്ടു വീഴ്ച ചെയ്യുന്നതിന്റെയും മഹത്വത്തെയും പ്രതിഫലത്തെയും കുറിച്ച് ഉദ്‌ഘോഷിച്ച ഗവർണറുടെ വാക്കുകൾ സദസ്സ് സാകൂതം ശ്രവിച്ചു. ഇതേ തുടർന്ന് ഔദ് ആയിദ് സഈദ് ആലുദമാസ് അൽഅഹ്മരിയും ഫായിസ് അബ്ദുല്ല ആലു ദമാസ് അൽഅഹ്മരിയും തങ്ങളുടെ പിതാക്കന്മാരുടെ ഘാതകരോട് ക്ഷമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ശുപാർശ അംഗീകരിച്ച രണ്ട് കുടുംബാംഗങ്ങളെയും ഇതിൽ ഭാഗധേയം വഹിച്ച ഉദ്യോഗസ്ഥരെയും അനുരജ്ഞന കമ്മിറ്റി അംഗങ്ങളെയും തുർക്കി ബിൻ തലാൽ രാജകുമാരൻ മുക്തകണ്ഠം പ്രശംസിച്ചു.