കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നു
കൊച്ചി- മുൻ കേരള ഫുട്‌ബോൾ താരങ്ങൾ കഞ്ചാവ് ശേഖരവുമായി എറണാകുളത്ത് പിടിയിലായി. സംഘം കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതായി കണ്ടെത്തി. മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാൻ കോളനിയിൽ കളംബം കൊട്ടാരത്തിൽ വീട്ടിൽ ഷെഫീഖ് (24), പഴയ ചന്ത ഭാഗത്ത് കോയത്ത് വീട്ടിൽ ഫിറോസ് (24) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര വിജയവാഡയിൽ നിന്നു ട്രെയിനിൽ എറണാകുളത്തെത്തിച്ച് ഇവിടെയുള്ള ഹോൾസെയിൽ കച്ചവടക്കാർക്ക് കൈമാറാനായി കലൂർ ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. ഷെഫീഖ് 2017 കേരള ഫുട്‌ബോൾ അണ്ടർ-19 ടീമിലും ഫിറോസ് പാലക്കാട് ജില്ലാ ഫുട്‌ബോൾ അണ്ടർ-16 ടീമിലും കളിച്ചിരുന്ന താരങ്ങളായിരുന്നു. കളിയേക്കാൾ കൂടുതൽ പണം കഞ്ചാവ് കടത്തിൽ നിന്ന് ലഭിക്കുന്നതിനാൽ കളം മാറിച്ചവിട്ടുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവെത്തിച്ചു കേരളത്തിലും തമിഴ്‌നാട്ടിലും വിൽപന നടത്തിവരുന്ന മലപ്പുറം സ്വദേശിക്ക് വേണ്ടിയാണു ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എറണാകുളത്ത് എത്തിച്ചാൽ 10,000 രൂപയാണ് പ്രതിഫലം പറഞ്ഞിരുന്നത്. മുൻപും ഇത്തരത്തിൽ ഇവർ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു. ആന്ധ്രയിൽ കിലോയ്ക്ക് 5000 രൂപയ്ക്കു കിട്ടുന്ന കഞ്ചാവിന് ഇവിടെ മൊത്തവില 30,000 രൂപയോളം ലഭിക്കും. ചില്ലറ വിൽപനക്കാർക്കു കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യുവാക്കൾ മയക്കുമരുന്നിന്റെ കാരിയർമാരായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതായി കമ്മീഷണർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പിന്നീട് കസ്റ്റഡിയിൽ വാങ്ങും.