ജിദ്ദ- രാജകാരുണ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പ്രതിപാദിക്കാത്ത സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടവറയിൽ കഴിയുന്ന വിദേശ പൗരന്മാർക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യത്തെ പറ്റിയുള്ള വിശദാംശങ്ങളിലാണ് ഇക്കാര്യമുള്ളത്. ശിക്ഷാകാലാവധി പൂർത്തിയായതിന് ശേഷവും പിഴ അടക്കാൻ സാധിക്കാത്തതിന്റെ പേരിൽ ജയിലുകളിൽ തുടരേണ്ടിവരുന്ന വിദേശികൾക്ക് രാജകാരുണ്യം വഴി മോചനം ലഭിക്കും. അഞ്ച് ലക്ഷം റിയാൽ വരെയുള്ള പിഴ ഒഴിവാക്കുന്നതിനാണ് നിർദേശം. അഞ്ച് ലക്ഷം റിയാലിൽ അധികം പിഴ ഒടുക്കാൻ വിധിക്കപ്പെട്ട പ്രതികൾക്ക് ഇത്രയും കൂടുതൽ തുക നൽകാൻ സാധ്യമല്ലെന്ന് സ്ഥിരീകരിക്കപ്പെടുന്നപക്ഷം, പൊതുഖജനാവിന്റെ പ്രതിനിധി മുഖേന, ഇവരുടെ കേസുകൾ പ്രത്യേക കോടതികൾക്ക് കൈമാറും. പ്രതികളുടെ സാമ്പത്തിക പരാധീനത ബോധ്യപ്പെട്ടാൽ പിഴ ശിക്ഷക്ക് പകരം, ജയിൽവാസമാക്കി മാറ്റും. തുടർന്ന് ശിക്ഷാകാലാവധി പൂർത്തിയാക്കിയാൽ പ്രതികളെ സൗദിയിൽനിന്ന് നാടുകടത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.