Sorry, you need to enable JavaScript to visit this website.

ഹജ് റീഫണ്ട് തുക ലഭിക്കാന്‍ പണം അടച്ച ബാങ്ക് അക്കൗണ്ട് നല്‍കണം

കരിപ്പൂരില്‍ കേന്ദ്രഹജ് കമ്മറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഖ്‌സൂദ് അഹമ്മദ് ഖാന് സംസ്ഥാന ഹജ് കമ്മറ്റി നല്‍കിയ സ്വീകരണം

കൊണ്ടോട്ടി- 2015 ല്‍ ഹജിന് പോയവര്‍ക്ക് മക്കയില്‍ മതിയായ സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ കേന്ദ്ര ഹജ് കമ്മിറ്റി നല്‍കുന്ന റീ-ഫണ്ട് അന്നത്തെ ബാങ്ക് അക്കൗണ്ട് നല്‍കി അപേക്ഷിച്ചാല്‍ കൈമാറുമെന്ന് കേന്ദ്രഹജ് കമ്മറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഖ്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു. കരിപ്പൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റീ-ഫണ്ട് ലഭിച്ചില്ലെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ അക്കാലത്ത് ഹജ് പണം അടച്ച അക്കൗണ്ടിലേക്ക് മാത്രമെ പണം നല്‍കാനാവുകയുള്ളൂ. മറ്റു അക്കൗണ്ടുകള്‍ പരിഗണിക്കില്ല.

ഇന്ത്യയില്‍ ഹജ് സീറ്റുകള്‍ മുസ്‌ലിം ജനസംഖ്യാനുപാതത്തിലാണ് ആദ്യം വീതിക്കുന്നത്. പിന്നീടുളള സീറ്റുകള്‍ കൂടുതല്‍ അപേക്ഷകരുളള സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നത്. ഇത് നിലവിലെ ഹജ് പൊളിസിയുടെ ഭാഗമായാണ്. ഹജ് സര്‍വീസുകള്‍ക്ക് ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ ഇന്ത്യ തയാറാണ്. എന്നാല്‍ സൗദിയുമായുള്ള കരാര്‍ പ്രകാരം ഇത് സാധ്യമല്ല. ഹജിന് ഈ വര്‍ഷം വിമാന നിരക്ക് താരതമ്യേന കുറയും. ഹജ് നിരക്കിലെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. മൂന്ന് തവണയാക്കി ഹജ് നിരക്കുകള്‍ നിശ്ചയിച്ചത് ഇതിന്റെ ഭാഗമായാണ്. കരിപ്പൂരില്‍ പുതുതായി നിര്‍മ്മിക്കുന്ന വനിത ഹജ് ഹൗസിന് കേന്ദ്ര ഹജ് കമ്മിറ്റി സഹായം ലഭ്യമാക്കും. സംസ്ഥാന ഹജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

Latest News