50 കോടിയിലേറെ പേർ ഫൈനൽ കാണും
കാണികളുടെ കണക്കിൽ മുൻനിരയിലേക്ക്
ബേമിംഗ്ഹാം - ഇന്നത്തെ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനലിനു മുമ്പും ശേഷവും കളിക്കാർ ഹസ്തദാനം ചെയ്യും. ഫൈനലാണെങ്കിലും അവർക്കത് കളി മാത്രമാണ്. എന്നാൽ ഉപഭൂഖണ്ഡത്തിലെ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികൾക്കും ക്രിക്കറ്റ് അറിയാത്തവർക്കും ഇന്ത്യ-പാക് മത്സരം വെറും ക്രിക്കറ്റല്ല. അതിന് കളിക്കപ്പുറത്തെ മാനങ്ങളുണ്ട്.
ചാമ്പ്യന്‍സ് ട്രോഫി ആരു നേടും ? നിങ്ങള്‍ക്കും പറയാം
ഇന്ത്യക്കും പാക്കിസ്ഥാനും ഒരുപോലെ വ്യക്തമായി അറിയുന്ന അപൂർവം ചില കാര്യങ്ങളിലൊന്നാണ് ക്രിക്കറ്റ്. പലപ്പോഴും സംഘർഷത്തിന് അയവു വരുത്താൻ ക്രിക്കറ്റ് മത്സരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അതി ർത്തി സംഘർഷത്തിന്റെ പുതിയ കാലത്ത് ഉഭയകക്ഷി ക്രിക്കറ്റിന് അവധി കൊടുത്തിരിക്കുകയാണ് ഇരു രാജ്യങ്ങളും. മോഡി സർക്കാർ ഇന്ത്യയിൽ അധികാരത്തിലെത്തിയ ശേഷം ഔദ്യോഗികമായി പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച പോലും നടത്തിയിട്ടില്ല.
കളി ഇന്നാണ്, പക്ഷേ ദേശീയ ജ്വരം മൂത്തവരുടെ പോരാട്ടം സോഷ്യൽ മീഡിയയിൽ മൂർധന്യത്തിലെത്തിക്കഴിഞ്ഞു. 50 കോടിയിലേറെ പേർ ഇന്ന് കളി കാണുമെന്നാണ് കരുതുന്നത്. 100 കോടി പേർ ഒരേസമയം കണ്ട ബെയ്ജിംഗ് ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങാണ് ഏറ്റവുമധികം പേർ വീക്ഷിച്ച കായിക ചടങ്ങ്. 2010 ലെ ഫിഫ ലോകകപ്പ് ഫൈനൽ 50 കോടിയിലേറെ പേർ കണ്ടു. ഏറ്റവുമധികം പേർ വീക്ഷിച്ച ചരിത്രത്തിലെ മൂന്നാമത്തെ കായിക മത്സരമാവുമോ ഇന്നത്തെ ഫൈനൽ? പാക്കിസ്ഥാനിലെ ജിയൊ ടി.വി അനലിസ്റ്റ് സെയ്ദ് ത്വലാൽ ഹുസൈൻ പറയുന്നത് ഇത് മൃദുയുദ്ധമെന്നാണ്. പക്ഷേ സോഷ്യൽ മീഡിയ മാത്രമാണ് ശ്രദ്ധിക്കുന്നതെങ്കിൽ ഇത് മൃഗീയമായ പോരാട്ടമാണ്. ജയിക്കുന്നവൻ ട്രോഫി മാത്രമല്ല ഉയർത്തിപ്പിടിക്കുക, പരാജയപ്പെടുന്ന ടീമിനേൽക്കുന്ന മുറിവ് എളുപ്പമൊന്നും ഉണങ്ങില്ല -ഹുസൈൻ പറഞ്ഞു.
പാക്കിസ്ഥാൻ ടീമിലെ ബഹുഭൂരിഭാഗം കളിക്കാർക്കും സ്വന്തം നാട്ടിൽ രാജ്യാന്തര മത്സരം കളിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കറാച്ചിയിലെയും ലാഹോറിലെയും റാവൽ പിണ്ടിയിലെയുമൊന്നും കുട്ടികൾ നാടിന്റെ കളി നേരിട്ടു കണ്ടിട്ടില്ല. ഇന്ത്യയെ തോൽപിക്കാനായാൽ പാക് ക്രിക്കറ്റിന് അത് പുനർജന്മമാവുമെന്നും പാക്കിസ്ഥാനിൽ കളികൾ നടത്താൻ ഐ.സി.സിയെ പ്രേരിപ്പിക്കുമെന്നും പാക്കിസ്ഥാൻ ടെലിവിഷൻ കോർപറേഷനിലെ ഡോ. നുഅ്മാൻ നിയാസ് പറയുന്നു. ഇന്ത്യയാണ് മികച്ച ടീമെന്നറിയാം, പക്ഷേ ഞങ്ങളുടെ ഹൃദയം അത് അംഗീകരിക്കില്ല -പതിനാറുകാരനായ പാക്കിസ്ഥാനി വിദ്യാർ ഥി മുഹമ്മദ് ശബീർ പറയുന്നു. ഇന്ത്യ-പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരം പാക്കിസ്ഥാനിൽ അഞ്ചു കോടി പേരാണ് കണ്ടത്. ഫൈനലിൽ കാഴ്ചക്കാരുടെ എണ്ണം ഇരട്ടിയാവും. ഇന്ത്യയിൽ 20.1 കോടി പേർ ഉദ്ഘാടന മത്സ രം വീക്ഷിച്ചു. ഇരു രാജ്യത്തും കളി പ്രദർശിപ്പിക്കാൻ കൂറ്റൻ സ്‌ക്രീനുകൾ ഒരുങ്ങിക്കഴിഞ്ഞു.
'പാക്കിസ്ഥാനെ തോൽപിക്കണം, പ ക്ഷേ അവർ എളുപ്പം തോറ്റ് കളിയുടെ രസം കളയരുത്' -ന്യൂദൽഹിയിൽ തട്ടു കട നടത്തുന്ന വിജയകുമാർ പറയുന്നു.
ആദ്യ മത്സരത്തിലെ തോൽവിക്കു ശേഷം പാക്കിസ്ഥാൻ ശക്തമായി തിരിച്ചുവന്നത് ശുഭസൂചനയാണെന്നും ഫൈനലിലെ വിജയം സമൂഹത്തിൽ പോസിറ്റിവ് ഊർജം പ്രസരിപ്പിക്കുമെന്നും മുൻ നായകൻ റമീസ് രാജ പറയുന്നു.