മലപ്പുറം-വളാഞ്ചേരിയിലെ എല്ലാ രാഷ്ട്രീയക്കാരുമായും രാഷ്ട്രീയമില്ലാത്തവരുമായും സൗഹൃദമുണ്ടെന്നും എന്നാൽ അവർ ചെയ്യുന്ന കുറ്റങ്ങളിൽ തനിക്ക് ഉത്തരവാദിത്വമില്ലെന്നും മന്ത്രി കെ.ടി ജലീൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരി നഗരസഭ കൗൺസിലർക്കെതിരെ പോക്‌സോ കേസെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ജലീൽ. പ്രതിയെ മന്ത്രി ജലീൽ സംരക്ഷിക്കുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് മന്ത്രി പ്രതികരണവുമായി എത്തിയത്. പെൺകുട്ടിയുടെ സഹോദരി ഈ ആവശ്യം ഉന്നയിച്ച് തന്നെ വിളിച്ചിരുന്നുവെന്നും ഇക്കാര്യം ഉടൻ തന്നെ വളാഞ്ചേരി പോലീസിൽ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്നും കണ്ടുകിട്ടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വളാഞ്ചേരി പോലീസിൽ വിളിച്ച് ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് തന്നെ പെൺകുട്ടിയെ കണ്ടുകിട്ടിയെന്ന് പോലീസ് അറിയിച്ചുവെന്നും ജലീൽ പറഞ്ഞു.
വളാഞ്ചേരിയിലെ ലീഗ്, കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടുമെല്ലാം ബന്ധമുണ്ട്. ഇത്തരത്തിൽ ബന്ധമുള്ളതുകൊണ്ടാണ് ലീഗ് കോട്ടയിൽനിന്ന് 2004-ൽ ജയിച്ചത്. ബന്ധമില്ലെങ്കിൽ വിജയിക്കുമായിരുന്നില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് തിരയുന്ന ഷംസുദ്ദീനുമായും ബന്ധമുണ്ട്. അദ്ദേഹം സി.പി.എം അംഗമല്ല. സ്വതന്ത്രനാണ്. സി.പി.എമ്മിന്റെ ഒരു കമ്മിറ്റിയിലും അയാൾക്ക് പ്രാതിനിധ്യമില്ല. ഷംസുദ്ദീൻ അടുപ്പക്കാരനാണെങ്കിലും അവർ ചെയ്യുന്ന കുറ്റങ്ങളിൽ താൻ എങ്ങിനെ പ്രതിയാകുമെന്നും ജലീൽ ചോദിച്ചു.