വളാഞ്ചേരി- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മന്ത്രി കെ.ടി ജലീലിനെതിരെ കടുത്ത ആരോപണവുമായി കുടുംബം. കേസിലെ പ്രതി വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീനെ(47) ജലീലിൽ സഹായിക്കുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷംസുദ്ദീനെതിരെ കേസെടുക്കാൻ തുടക്കത്തിൽ പോലീസ് തയ്യാറാകാതിരുന്നത് ജലീലിന്റെ ഇടപെടലിനെ തുടർന്നാണെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരി ആരോപിച്ചു. മന്ത്രി ജലീലിന്റെ അടുത്ത സുഹൃത്താണ് ഷംസുദ്ദീൻ. വളാഞ്ചേരി 32ാം ഡിവിഷനിൽ നിന്നു ഇടതുസ്വതന്ത്ര കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഷംസുദ്ദീൻ. ഇയാൾക്കെതിരെ ഇന്നലെ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ: വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പല തവണ ക്വാർട്ടേഴ്സിലും മറ്റിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു. തുടർന്നു വിവാഹ വാഗ്ദാനത്തിൽ നിന്നു പ്രതി പിൻമാറിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റുമുണ്ടായി. പിന്നീട് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെ ചൈൽഡ് ലൈനും പോലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്നു പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ എസ്.പി. സുധീരനാണ് അന്വേഷണച്ചുമതല. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.